ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ദല്‍ഹി -കൊല്‍ക്കത്ത വിമാനത്തില്‍ ബോംബ് ഭീഷണി. ദല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ എ.ഐ-020 വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം എത്തിയത്.
എയര്‍ ഇന്ത്യയുടെ ദല്‍ഹി കാള്‍ സെന്ററിലാണ് ഭീഷണി എത്തിയത്. ആകാശത്തില്‍ വെച്ച് വിമാനം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് തിരിച്ചിറിക്കി. 248 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മുംബൈയില്‍ നിന്നാണ് ഭീഷണി വന്നതെന്നാണ് പ്രാഥമിക നിഗമനം. ഭീഷണിയെ തുടര്‍ന്ന് വിമാനം ഒറ്റപ്പെട്ടസ്ഥലത്തേക്ക് മറ്റിയിരിക്കുകയാണ്. യാത്രക്കാരുടെ ലഗേജുകള്‍ അടക്കം വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടന്ന് കൊണ്ടിരിക്കുകയാണ്.
സംഭവത്തില്‍ മുംബൈ പൊലീസിന് എയര്‍ ഇന്ത്യ പരാതി നല്‍കിയിരിക്കുകയാണ്. കൊല്‍ക്കത്തയിലേക്ക് യാത്രക്കാര്‍ക്കായി പുതിയ വിമാനം ഏര്‍പ്പാടാക്കുമെന്ന് എയര്‍ ഇന്ത്യ അതികൃതര്‍ അറിയിച്ചു.