ന്യൂല്‍ഹി: സമരം അവസാനിപ്പിച്ച് പൈലറ്റുമാര്‍ തിരികെ എത്തിയിട്ടും എയര്‍ഇന്ത്യയുടെ പ്രതിസന്ധി തീരുന്നില്ല. കഴിഞ്ഞ 58 ദിവസത്തെ പൈലറ്റുമാരുടെ സമരം കൊണ്ട് എയര്‍ഇന്ത്യയ്ക്ക് 600 കോടിയുടെ നഷ്ടമാണുണ്ടായത്. പൈലറ്റുമാര്‍ മാപ്പുപറഞ്ഞാല്‍ തീരുന്നതല്ല ഈ നഷ്ടം.
എയര്‍ഇന്ത്യ കാരണം യാത്രമുടക്കേണ്ടി വന്ന നിരവധി യാത്രയ്ക്കാരില്‍ പലരും ഇനിയൊരിക്കലും എയര്‍ഇന്ത്യയില്‍ യാത്രചെയ്യില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. 58 ദിവസത്തെ സമരം പ്രത്യക്ഷത്തിലുണ്ടാക്കിയ നഷ്ടം 600 കോടിയാണെങ്കിലും മറ്റ് കാര്യങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയാവുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
എയര്‍ഇന്ത്യയുടെ മാര്‍ക്കറ്റും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സമരത്തിന്റെ തലേന്ന് വരെ 4,000ത്തോളം സീറ്റുകളാണ് വിറ്റുപോയിരുന്നെങ്കില്‍ ഇപ്പോഴത് 1000മായി താഴ്ന്നിരിക്കുകയാണ്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കമ്പനിക്ക് 75% ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവഴി 500 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ലാഭകരമായ സര്‍വ്വീസുകളായ ടൊറന്റോ, ഹോങ് കോംഗ്, ന്യൂ ജേഴ്‌സി, ഒസാക്ക, സിയോള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇതിന്റെയൊക്കെ പുറമേ നേരത്തെയുള്ള ലോണുകളും എയര്‍ഇന്ത്യയെ വലക്കുന്നുണ്ട്. ലോണുകളും അതിന്റെ അടവുമായി 67,520 കോടിയോളം എയര്‍ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്.