ആല്‍ക്കഹോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ റീജിയണല്‍ ഡയറക്ടറാക്കി
national news
ആല്‍ക്കഹോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ റീജിയണല്‍ ഡയറക്ടറാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 7:58 pm

ന്യൂദല്‍ഹി: വിമാനം പറത്തുന്നതിന് മുമ്പ് നടത്തിയ ആല്‍ക്കഹോള്‍ ടെസ്റ്റില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ഇന്ത്യ റീജിയണല്‍ ഡയറക്ടറാക്കി (നോര്‍ത്തേണ്‍ റീജിയണ്‍) സ്ഥാനക്കയറ്റം നല്‍കി. 2018 നവംബറില്‍ ഫ്‌ളൈയിങ് ലൈസന്‍സ് നഷ്ടപ്പെട്ട പൈലറ്റ് അരവിന്ദ് കത്പാലിയയ്ക്കാണ് എയര്‍ ഇന്ത്യ സ്ഥാനക്കയറ്റം നല്‍കിയത്.

ബുധനാഴ്ച മുതല്‍ കത്പാലിയ ചുമതലയേറ്റെടുക്കുമെന്ന് എയര്‍ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നോര്‍ത്തേണ്‍ റീജിയണ്‍ ഡയറക്ടറായിരുന്ന പങ്കജ് കുമാറിന്റെ ഒഴിവിലേക്കാണ് നിയമനം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂദല്‍ഹി-ലണ്ടന്‍ ഫ്‌ളൈറ്റ് പറത്തുന്നതിന് മുമ്പ് നടത്തിയ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിലാണ് കത്പാലിയ പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്കാണ് എയര്‍ഇന്ത്യ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

2017ല്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയനാവാന്‍ വിസമ്മതിച്ചതിന് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഷനും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. അന്ന് ബാംഗ്ലൂര്‍-ദല്‍ഹി ഫ്‌ളൈറ്റില്‍ പൈലറ്റായിരുന്നു കത്പാലിയ.

അച്ചടക്ക നടപടിയ്ക്ക് വിധേയനായ പൈലറ്റിന് സ്ഥാനക്കയറ്റം നല്‍കിയ സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ.സി.പി.എ) അപലപിച്ചിട്ടുണ്ട്.

റീജിയണല്‍ ഡയറക്ടറാവുന്നതോടെ വിവിധ കേസുകളില്‍ മൊഴി കൊടുത്ത ജീവനക്കാരെ കത്പാലിയ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പൈലറ്റുമാരുടെ സംഘടന പറയുന്നു.