ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നു.
ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയപ്പോള്‍ മറ്റു ചിലര്‍ മൂത്രമൊഴിച്ചതിനെ പരിഹസിച്ചുകൊണ്ടുള്ള പരിഹാസ മീമുകളും കമന്റുകളുമായാണ് ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിറഞ്ഞ് നിന്നത്.
‘എന്തുകൊണ്ടാണ് എയര്‍ ഇന്ത്യയില്‍ മൂത്രമൊഴിക്കുന്നത് ? അവര്‍ സ്‌ട്രോങ് ബിയര്‍ കൊടുക്കുന്നത് കൊണ്ടായിരിക്കണം. എയര്‍ ഇന്ത്യയോട് ഒരു അപേക്ഷയുണ്ട് യാത്രക്കാര്‍ക്ക് ഡ്രിങ്ക്‌സിനൊപ്പം ഡയപറും കൂടെ കൊടുക്കണം,’ എന്നാണ് ഒരാള്‍ ട്വീറ്റിലൂടെ പ്രതികരിച്ചത്.
Why are passengers on Air India on free peeing spree ? Must be their Strong Beer ! #AirIndia ..request @airindiain to give adult diapers along with drinks 😂
‘എയര്‍ ഇന്ത്യയില്‍ സീറ്റുകളെക്കാല്‍ കൂടുതല്‍ ടോയ്‌ലെറ്റുകള്‍ വേണം.
എയര്‍ലൈനില്‍ മൂത്രമൊഴിക്കുന്നത് പുതിയ ടിക്-ടോക് ട്രെന്‍ഡ് ആണോ?,’ എന്ന് തുടങ്ങി നിരവധി പരിഹാസ കമന്റുകളും മീമുകളുമായി ചിലരെത്തിയപ്പോള്‍ മറ്റ് ചിലര്‍ വിമാനത്തിലെ ശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലേ എന്ന ചോദ്യവുമായാണെത്തിയത്.
#AirIndia now needs lesser seats and more sauchalayas built onboard. Compulsorily peeing before they board along with bowel sonography report 😝😝
അതേസമയം, സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രക്കെതിരെ ദല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്.
കേസിലെ പ്രതിയായ ശങ്കര്‍ മിശ്ര ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ്. മുംബൈയില്‍ എത്തിയ ദല്‍ഹി പൊലീസ് സംഘത്തിന് ഇയാളെ കണ്ടെത്താനായിട്ടില്ല. എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം കൈകാര്യംചെയ്തതില്‍ വീഴ്ച സംഭവിച്ചതിന് എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
എയര്‍ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും അത് വ്യോമയാന സംവിധാനത്തിന്റെ പരാജയത്തിലേക്ക് നയിച്ചെന്നും ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയിരുന്നു.
നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം നടന്നത്.
വിമാനത്തില്‍ ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സീറ്റിനടുത്തേക്ക് വന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസിലാണ് യുവതി ആദ്യം പരാതി നല്‍കിയത്.
മൂത്രമൊഴിച്ച ശേഷം യാത്രക്കാരന്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നുവെന്നും, പിന്നാലെ പരാതി നല്‍കിയിട്ടും യാത്രക്കാരനെതിരെ നടപടിയെടുക്കാന്‍ വിമാന ജീവനക്കാര്‍ തയ്യാറായില്ലെന്നുമാണ് യുവതിയുടെ ആരോപണം.
വിമാനം ദല്‍ഹിയില്‍ ഇറങ്ങിയപ്പോഴും ഒരു നടപടിയും ഇയാള്‍ക്കെതിരെ എടുത്തില്ലെന്നും പരാതി കാബിന്‍ ക്രൂ നിരസിച്ചതായും യുവതി ആരോപിക്കുന്നുണ്ട്.
തുടര്‍ന്ന് യാത്രക്കാരി തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇയാള്‍ മൂത്രമൊഴിച്ച് തന്റെ വസ്ത്രവും ഷൂസും ബാഗുമെല്ലാം നനഞ്ഞെന്നും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പിന്നാലെ പൈജാമയും സ്ലിപ്പറുകളും കാബിന്‍ ക്രൂ നല്‍കിയെന്നും അത് ധരിച്ച് ക്രൂവിന്റെ സീറ്റിലിരുന്നാണ് താന്‍ യാത്ര ചെയ്തതെന്നും യുവതി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.
Content Highlight: Air India ‘Pee-Gate’ Issue Triggers Twitter trolls