ന്യൂദല്‍ഹി: എയര്‍ ഇന്ത്യക്ക് ഖലിസ്ഥാനി വാദികളുടെ ആക്രമണ ഭീഷണി. ഖലിസ്ഥാനി വാദി ഗുര്‍പത്വന്ത് സിംഗ് പന്നുനാണ് എയര്‍ ഇന്ത്യക്കെതിരെ ഭീകരാക്രമണ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ മാസം 19ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ പദ്ധതി ഇട്ടിരിക്കുന്ന ആളുകള്‍ക്ക് ജീവന്‍ അപകടത്തില്‍ ആകുമെന്നാണ് പുതിയ വീഡിയോ സന്ദേശത്തില്‍ ഗുര്‍പത്വന്ത് സിംഗ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും അവകാശപ്പെട്ടു. പഞ്ചാബ് വിമോചിതമാകുമ്പോള്‍ ഈ വിമാനത്താവളത്തിന്റെ പേര് ഷാഹിദ് ബിയാന്ത് സിംഗ്, ഷാഹിദ് സത്വന്ത് സിംഗ് ഖാലിസ്ഥാന്‍ എയര്‍പോര്‍ട്ട് എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി പറക്കരുതെന്ന് സിഖ് ജനതയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് ലോകകപ്പിന്റെ അവസാന മത്സരം നടക്കുന്ന അതേ ദിവസം തന്നെയാണ് ഖലിസ്ഥാനി വാദി തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞമാസം പത്തിനും ഗുര്‍പത്വന്ത് സിംഗ് ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.
ഇസ്രഈലിന് സമാനമായ സാഹചര്യം ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയിരുന്നത്.
യു.എസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസ് ( എസ്. എഫ്. ജെ) തലവനാണ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍.
ഖാലിസ്ഥാനി വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടെ സെപ്തംബറില്‍ ഹിന്ദു-കനേഡിയന്‍മാരോട് കാനഡ വിടാന്‍ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു.
ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ വിദ്വേഷ പ്രസംഗം പ്രചരിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഫോറം കാനഡയുടെ അഭിഭാഷകര്‍ കനേഡിയന്‍ എമിഗ്രേഷന്‍ മന്ത്രിയോട് പന്നൂന്റെ കനേഡിയന്‍ പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.
Content Highlight: Air India gets threat video message from Khalistaani spokeperson