എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ വിലക്ക് ദുബായ് നീക്കി
national news
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ വിലക്ക് ദുബായ് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th September 2020, 9:37 pm

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദുബായ് നീക്കി. ശനിയാഴ്ച മുതല്‍ മുന്‍നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്താമെന്ന് ദുബായ് അറിയിച്ചു.

കൊവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ്, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.


ദല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദുബായ് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്.

ജീവനക്കാര്‍ക്ക് ശിക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

കൊവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടുതവണ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ എക്‌സ്പ്രസ് അധികൃതര്‍ക്ക് നോട്ടിസ് അയച്ചത്. വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 15 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ഈ മാസം നാലിന് ജയ്പൂരില്‍ നിന്ന് ദുബായിലേക്ക് വന്ന യാത്രക്കാരന്‍ കൊവിഡ് പോസിറ്റീവ് റിസള്‍ട്ടുമായാണ് യാത്ര ചെയ്തത്.

യാത്രക്കാരന്റെ പേരും പാസ്‌പോര്‍ട്ട് നമ്പരും സീറ്റ് നമ്പരുമടക്കം വ്യക്തമാക്കിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജണല്‍ മാനേജര്‍ക്ക് നോട്ടിസ് അയച്ചത്. മുന്‍പ് സമാന സംഭവമുണ്ടായപ്പോള്‍ ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗിയുടേയും ഒപ്പം യാത്ര ചെയ്തവരുടേയും ചികിത്സാ, ക്വാറന്റീന്‍ ചെലവുകള്‍ എയര്‍ലൈന്‍ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Air India Express escapes Dubai ban, flights to resume as per normal schedule from Saturday