ന്യൂദല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് തൊഴിലാളികളുടെ സമരം വിജയത്തിലേക്ക്. ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക അടക്കമുള്ള തൊഴിലാളുകളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് തൊഴിലാളികളികള്‍ സമരം അവസാനിപ്പിച്ചത്.
വ്യാഴാഴ്ച റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
സമരക്കാരും മാനേജ്‌മെന്റും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിന്‍ ക്രൂ വിഭാഗത്തിലെ ജീവനക്കാര്‍ നടത്തിയ അപ്രതീക്ഷിത സമരത്തില്‍ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായിരുന്നു.
ജീവനക്കാരുമായുള്ള പ്രശ്‌നത്തില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. തൊഴില്‍ നിയമങ്ങളുടെ ലംഘനം എയര്‍ ഇന്ത്യയില്‍ നടന്നതായി ലേബര്‍ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. മാത്രവുമല്ല തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ച നടത്താന്‍ ഉദ്യോഗസ്ഥരെ നിയമിച്ചില്ല എന്ന കുറ്റവും എയര്‍ ഇന്ത്യക്കെതിരെ ലേബര്‍ കമ്മീഷണര്‍ ഉന്നയിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എയര്‍ ഇന്ത്യ ചെയര്‍മാന് ഇമെയില്‍ അയച്ചതിന് പിന്നാലെയാണ് മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ വ്യാഴാഴ്ച ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് അസുഖ ബാധിതരെന്ന പേരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിന്‍ക്രൂ അംഗങ്ങള്‍ കൂട്ട അവധിയെടുത്തത്. ഇതോടെ ബുധനാഴ്ച മാത്രം 90 സര്‍വീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലാകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച 85 സര്‍വീസുകളും മുടങ്ങിയിരുന്നു.
CONTENT HIGHLIGHTS: Air India Express employees call off strike