| Friday, 26th July 2019, 12:54 pm

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വ്യോമസേന. രക്ഷാപ്രവര്‍ത്തനത്തിന് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്കാണ് 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ കത്ത് ലഭിച്ചതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും ഇതേ രീതിയില്‍ വ്യോമസേന തുക ആവശ്യപ്പെട്ടിരുന്നു.

ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

തുടര്‍ന്ന് ഇങ്ങനെ ബില്‍ അയക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന എസ്.ഡി.ആര്‍.എഫ് ഫണ്ടില്‍ നിന്ന് തട്ടിക്കിഴിക്കാവുന്നതാണെന്നുമായിരുന്നു കേന്ദ്രം നല്‍കിയ മറുപടി.

നേരത്തെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന്റെ ചെലവിലേയ്ക്കായി 25 കോടി രൂപയുടെ ബില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more