| Wednesday, 11th September 2024, 10:24 am

കശ്മീരില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമം; അധികാരികള്‍ വിവരം മറച്ചുവെച്ചതായി റിപ്പോര്‍ട്ട്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗർ: ശ്രീനഗറിലെ എയർഫോഴ്‌സ് സ്റ്റേഷനിലെ വിങ് കമാൻഡർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇന്ത്യൻ എയർഫോഴ്‌സിലെ (ഐ.എ.എഫ്) വനിതാ ഓഫീസർ. പീഡനവിവരം അധികാരികൾ ഒതുക്കി തീർക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു.

പ്രതിയെ മേലുദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്ന് വനിതാ ഓഫീസർ അവകാശപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ പൊലീസിൽ പരാതി നല്കുകയായിരുന്നെന്നും വനിതാ ഉദ്യോഗസ്ഥ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 376 പ്രകാരം ജമ്മു കശ്മീർ പൊലീസ് സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെൻസിറ്റീവ് ആയ കേസ് ആയതിനാൽ കേസ് അന്വേഷിക്കാൻ ജമ്മു കശ്മീർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു.

ശ്രീനഗറിലെ ഓഫീസേഴ്‌സ് മെസ്സിൽ നടന്ന പുതുവത്സര ആഘോഷത്തിനിടെയാണ് സംഭവം നടന്നതെന്ന് അതിജീവിത പറഞ്ഞു. പാർട്ടിക്ക് ശേഷം വിങ് കമാൻഡർ തന്നോട് സമ്മാനം കിട്ടിയോ എന്ന് ചോദിച്ചതായും പരാതിയിൽ പറയുന്നു. ഇല്ലെന്ന് അതിജീവിത പ്രതികരിച്ചപ്പോൾ, സമ്മാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന തൻ്റെ മുറിയിലേക്ക് വരാൻ അയാൾ ആവശ്യപ്പെട്ടു. തുടർന്ന് മുറിയിലെത്തിയ വനിതാ ഓഫീസറെ വിങ് കമാൻഡർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. തന്നെ കടന്ന് പിടിച്ച കമാൻഡറെ തള്ളി മാറ്റി വനിതാ ഓഫീസർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഔപചാരികമായി പരാതിപ്പെടാൻ ഉപദേശിച്ച രണ്ട് സഹപ്രവർത്തകരുമായി ഇക്കാര്യം പങ്കുവെച്ചതായി വനിതാ ഓഫീസർ തൻ്റെ പരാതിയിൽ വെളിപ്പെടുത്തി. എന്നിരുന്നാലും, എയർ ഓഫീസർ കമാൻഡിങ്ങിന് (എ.ഒ.സി) പരാതി സമർപ്പിക്കുന്നതിൽ പോലും താൻ വെല്ലുവിളികൾ നേരിട്ടതായി ഓഫീസർ പറഞ്ഞു.

‘സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അവർ ഒരു കേണലിനെ നിയോഗിച്ചു, അന്വേഷണത്തിനിടെ വിങ് കമാൻഡറെ എന്നോടൊപ്പം ഇരുത്തിയാണ് എൻ്റെ മൊഴി രേഖപ്പെടുത്തിയത്. വ്യോമസേനയുടെ ചട്ടങ്ങളിലെ സെക്ഷൻ 788(എ)യിൽ അക്രമിയെ ഇരയോടൊപ്പം ഇരുത്തി മൊഴി എടുക്കാൻ പാടില്ല. ഇത് ചട്ടലംഘനമാണ്. അതിനാണ് അദ്ദേഹത്തിന്റെ സാന്നിധ്യം ഞാൻ എതിർത്തു. തുടർന്ന് ഭരണകൂടത്തിൻ്റെ തെറ്റുകൾ മറയ്ക്കാൻ അവർ അന്വേഷണം അവസാനിപ്പിച്ചു.

‘തുടർന്ന് ഓഫീസർ വൺ വിങ്ങിന്റെ ആഭ്യന്തര കമ്മിറ്റിക്ക് പുതിയ അപേക്ഷ സമർപ്പിച്ചു. ഏപ്രിൽ രണ്ടിന് ഒരു ഇൻ്റേണൽ കമ്മിറ്റി നിർമിച്ചു. കമ്മിറ്റി രൂപീകരിക്കാൻ രണ്ട് മാസം സമയമെടുത്തു. ലൈംഗിക കുറ്റവാളിയെ സഹായിക്കാനായി സ്റ്റേഷൻ അധികൃതർ ശ്രമിച്ചു. അവരുടെ പക്ഷപാതം ഹൃദയഭേദകമായിരുന്നു. ഞാൻ ഒന്നിലധികം തവണ നിർബന്ധിച്ചിട്ടും മെഡിക്കൽ പരിശോധന നടത്തിയില്ല. ഒടുവിൽ അന്വേഷണത്തിൻ്റെ അവസാന അവസാന ദിവസമാണ് മെഡിക്കൽ പരിശോധന നടത്തിയത്,’ വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.

സാക്ഷി മൊഴികളെ അട്ടിമറിക്കാൻ മേലുദ്യോഗസ്ഥർ ശ്രമിച്ചതായി അതിജീവിത പറഞ്ഞു. സാക്ഷികളെ മൊഴി നൽകുന്നതിൽ നിന്ന് അവർ തടഞ്ഞു. ‘സാക്ഷിയെവിളിച്ച് വരുത്തി മൊഴിയെടുക്കണമെന്ന് ഞാൻ ഇൻ്റേണൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചിരുന്നു, എന്നാൽ മൊഴി നൽകുന്നതിന് മുമ്പ് സാക്ഷിയെ അവർ ക്യാമ്പിൽ നിന്ന് പുറത്താക്കി,’ അതിജീവിത പറഞ്ഞു.

Content Highlight: Air Force Officer in J&K Accuses Senior of Rape, Alleges Cover-Up by Authorities

Latest Stories

We use cookies to give you the best possible experience. Learn more