ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു. പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. രാത്രി 9:30 യോടെയാണ് വിമാനം തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ ലോക് ബന്ദു അറിയിച്ചു. ബയ്റ്റൂവിലെ ഭീംദ ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്.
തകര്‍ന്നത് വ്യോമ സേനയുടെ മിഗ് 21 വിമാനമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 1963ലാണ് വ്യോമ സേനക്ക് ആദ്യത്തെ സിംഗിള്‍ എഞ്ചിന്‍ മിഗ് -21 ലഭിച്ചത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ 200 പൈലറ്റുമാരുടെ ജീവന്‍ അപഹരിച്ച അപകടങ്ങളില്‍ 400-ലധികവും മിഗ്-21 വിമാനങ്ങളാണ്.