| Tuesday, 13th January 2015, 12:51 pm

എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജക്കാര്‍ത്ത: തകര്‍ന്ന് വീണ എയര്‍ഏഷ്യ വിമാനത്തിന്റെ  കോക്പിറ്റിലുള്ള വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും ഇതിന്റെ ഭാഗമായ ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയതിന് പിന്നാലെയാണ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ വിമാനത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് സുപ്രധാനമായ പല വിവരങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി പൈലറ്റ് നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് വോയ്‌സ് റെക്കോര്‍ഡറില്‍ ഉണ്ടാവുക.കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്ന ഡാറ്റ റെക്കോര്‍ഡറില്‍ നിന്നും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ദിവസങ്ങള്‍ എടുക്കുമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിനായിരുന്നു സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ 162 യാത്രക്കാരുമായി പുറപ്പെട്ടിരുന്ന ഇന്തോനേഷ്യന്‍ വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നായി ഇതു വരെ 48 മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്.

അതെ സമയം വിമാനത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് കൃത്യമായ സൂചനകളൊന്നും ഇതു വരെ ലഭിച്ചിരുന്നില്ലെങ്കിലും വിമാനം കടലില്‍ പതിക്കുന്നതിന് മുമ്പ് പൊട്ടിത്തെറിച്ചതായി സംശയങ്ങളുയരുന്നുണ്ട്.വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ ചിതറിക്കിടക്കുന്നതിനാലാണ് ഇത്തരമൊരു സംശയത്തിന് സാഹചര്യം ഉയര്‍ന്നിരുന്നത്.

വിമാനത്തിനുള്ളിലെ മര്‍ദ്ദ വ്യത്യാസം കാരണം വിമാനം പൊട്ടിത്തെറിച്ചിരിക്കാമെന്ന് ഇന്തോനേഷ്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സ്‌ഫോടനം സംബന്ധിച്ച് അധികൃതര്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല.

We use cookies to give you the best possible experience. Learn more