| Sunday, 11th January 2015, 9:09 pm

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജക്കാര്‍ത്ത: കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി ഇന്തോനേഷ്യ. ജാവ കടലില്‍ ഏകദേശം 30 മീറ്റര്‍ താഴെയായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ നീക്കിയതിന് ശേഷം മാത്രമെ ബ്ലാക്ക് ബോക്‌സ് പുറത്തെടുക്കാനാവു എന്നുള്ളതിനാല്‍ ഇത് നാളെ കരക്കെത്തിക്കാനാവുമെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എയര്‍ ഏഷ്യ വിമാനം തകര്‍ന്ന് കൃത്യം രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിക്കുന്നത്. ഇതോടെ വിമാനത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള നിഗൂഢതകള്‍ നീങ്ങി സത്യം പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ വാല്‍ ഭാഗം വെള്ളത്തില്‍ നിന്നും പുറത്തെത്തിച്ചിരുന്നു. ഇത് കൂടാതെ പ്രദേശത്ത് നിന്ന് ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ളതെന്ന് കരുതുന്ന സിഗ്നലും ലഭിച്ചിരുന്നു.

പൈലറ്റിന്റെ അവസാന വാക്കുകളടക്കം വിമാനത്തിന്റെ സുപ്രധാന രേഖകളെല്ലാം ബ്ലാക്ക് ബോക്‌സ് വഴി മനസിലാക്കാന്‍ കഴിയും. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിനായിരുന്നു സിംഗപ്പൂരിലേക്കുള്ള യാത്രാ മധ്യേ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നത്. കാലാവസ്ഥ വ്യതിയാനമാണ് വിമാനത്തിന്റെ തകര്‍ച്ചക്കുള്ള കാരണമായി ഇന്തോനേഷ്യന്‍ അധികൃതര്‍ പറഞ്ഞിരുന്നത്.

162 യാത്രക്കാരുമായി പറന്നുയര്‍ന്നിരുന്ന വിമാനത്തില്‍ നിന്നും ഇത് വരെ 48 മൃതദേഹങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു. ബാക്കിയുള്ളവ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങി കിടക്കുന്നുണ്ടാവും എന്നാണ് അധികൃതര്‍ കരുതുന്നത്.

We use cookies to give you the best possible experience. Learn more