| Saturday, 3rd January 2015, 1:27 pm

എയര്‍ ഏഷ്യ: 30 മൃതദേഹങ്ങളും വിമാനത്തിന്റെ ഭാഗങ്ങളും കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: ജാവ കടലില്‍ പതിച്ച എയര്‍ ഏഷ്യ വിമാനത്തില്‍ ഉണ്ടായിരുന്ന 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ വലിയ രണ്ട് ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. തിരച്ചിലിന് നേതൃത്വം വഹിക്കുന്ന ഇന്തോനേഷ്യന്‍ ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെറ്റല്‍ ഡിറ്റെക്ഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് വിമാനത്തിന്റെ ഭാഗം കണ്ടെത്തിയിരിക്കുന്നതെന്നും കടലില്‍ 30 മീറ്റര്‍ താഴ്ചയിലാണ് ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നും ഏജന്‍സി അറിയിച്ചു.

9.2X4.6X0.5 മീറ്ററുള്ള ഒരു ഭാഗവും 7.2X0.5  മീറ്ററുള്ള മറ്റൊരു ഭാഗവുമാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കടലില്‍ ബര്‍ണിയോ ദ്വീപിന് സമീപമായി ഒഴുകി നടക്കുന്ന നിലയില്‍ വിമാനത്തിന്റെ വാതില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു 162 യാത്രക്കാരെയും വഹിച്ച് സുരബായില്‍ നിന്നും പറന്നുയര്‍ന്നിരുന്ന എയര്‍ ഏഷ്യ QZ8501 വിമാനം അപ്രത്യക്ഷമായത്. പ്രാദേശിക സമയം 6.17 നാണ് ദക്ഷിണ ചൈനാ കടലിനും ജാവാ കടലിനുമിടയിലെ ബെലിട്ടങ് ദ്വീപിനു തെക്കുകിഴക്ക് 185 കിലോമീറ്റര്‍ അകലെ വെച്ചായി വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചിരുന്നത്.

38 മുതിര്‍ന്നവരും 16 കുട്ടികളും ഒരു കൈക്കുഞ്ഞുമടക്കം 155 യാത്രക്കാരും, 2 പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥ കാരണം വിമാനം സ്ഥിരം യാത്ര ചെയ്യുന്ന പാതയില്‍ നിന്നും മാറിയതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.

മുപ്പതോളം യുദ്ധ കപ്പലുകളും പതിനഞ്ചോളം യുദ്ധ വിമാനങ്ങളും, ഹെലികോപ്റ്ററുകളുമാണ് തിരച്ചില്‍ നടത്തുന്നത്.

We use cookies to give you the best possible experience. Learn more