ജയ്പൂര്‍: കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതിയുടെ നിര്‍ദേശം. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 884 കോടിയുടെ അഴിമതി നടന്നതായാണ് പരാതി.
കഴിഞ്ഞ വര്‍ഷമാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചത്. കേന്ദ്രമന്ത്രിയും ഭാര്യയും ഉടമസ്ഥരായ കമ്പനികളിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി എസ്.ഒ.ജി കണ്ടെത്തിയിട്ടും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്.
2008 ലാണ് സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുമെന്നായിരുന്നു സൊസൈറ്റിയുടെ വാഗ്ദാനം. എന്നാല്‍ വ്യാജവായ്പകള്‍ അനുവദിച്ചുകൊണ്ട് നിക്ഷേപകരുടെ പണം അപഹരിക്കുകയായിരുന്നു കമ്പനിയെന്നും ഇതുവഴി 884 കോടി രൂപയുടെ അഴിമതിയാണ് ഷെഖാവത്ത് നടത്തിയതെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.