'ഐന്‍' പോത്തിനെ കൊല്ലാതിരിക്കാന്‍ പറയുന്ന ഫാസിസ്റ്റ് സിനിമയല്ല; മുസ്തഫ
Daily News
'ഐന്‍' പോത്തിനെ കൊല്ലാതിരിക്കാന്‍ പറയുന്ന ഫാസിസ്റ്റ് സിനിമയല്ല; മുസ്തഫ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2015, 10:28 am

സിനിമ കണ്ട് ഇഷ്ടപ്പെടുന്ന ആളുകള്‍ പറഞ്ഞേ മറ്റുള്ളവര്‍ തിയറ്ററിലേക്ക് എത്തൂ. അതുവരെ ഒരു ടൈം കൊടുക്കണമായിരുന്നു. പക്ഷേ “ഐന്‍” റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും “പുലി” പോലെ ബിഗ് ബജറ്റിലുള്ള, ഒരു അന്യഭാഷാ സിനിമ തിയറ്ററുകളില്‍ വരുമ്പോള്‍ നമ്മുടെ ഭാഷയില്‍ ചെയ്ത, നന്മയുള്ള ഒരു സിനിമയ്ക്ക് തിയറ്ററുകള്‍ കിട്ടാതാവുന്നു.


 


ഫേസ് ടു ഫേസ്


മുസ്തഫ |സൂരജ് കെ ആര്‍


സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത “ഐന്‍” മികച്ച ചിത്രമെന്ന് പ്രശംസ നേടിയിട്ടും തിയറ്റര്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കകം പ്രദര്‍ശനം നിര്‍ത്തേണ്ടി വന്ന സിനിമയാണ്. “പുലി” എന്ന വിജയ് ചിത്രത്തിന്റെ റിലീസാണ് സംസ്ഥാന,ദേശീയ അവാര്‍ഡുകള്‍ നേടിയ ഈ ചിത്രത്തെ പ്രേക്ഷകരുടെ കാണാപ്പുറങ്ങളിലേക്ക് അടര്‍ത്തി മാറ്റിയത്.

സിനിമ നേരിട്ട പ്രതിസന്ധികളെപ്പറ്റിയും, വിമര്‍ശനങ്ങളെപ്പറ്റിയും നായകനും, ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനുമായ മുസ്തഫ ഡൂള്‍ ന്യൂസ് പ്രതിനിധിയായ സൂരജ്.കെ.ആറിനോട് സംസാരിക്കുന്നു.

 

“ഐന്‍” “പുലി”യുടെ വലിയ തോതിലുള്ള റിലീസ് കാരണം തിയറ്റര്‍ വിടുകയുണ്ടായി. ഇതിനെപ്പറ്റി “ഐനിനെ പുലി പിടിച്ചു” എന്ന് വളരെ വേദനയോടെ സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ ഫേസ്ബുക്കില്‍ ഒരു കമന്റ് ഇട്ടു. നല്ല സിനിമകള്‍ക്ക് കേരളത്തില്‍ തിയറ്റര്‍ ലഭിക്കുന്നില്ലേ ഇപ്പോള്‍?

ഒരു സിനിമ തിയറ്ററില്‍ ഇറങ്ങി, ആളുകള്‍ കണ്ട്, അതിനെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോഴേ അത് നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്ന് പുറംലോകം അറിയുന്നുള്ളൂ. പക്ഷേ ഞങ്ങളുടെ സിനിമയ്ക്ക് അങ്ങനെ വിലയിരുത്തപ്പെടാന്‍ ഒരു സമയം കിട്ടിയില്ല. ഒരു പ്രോപ്പര്‍ പ്രൊഡ്യൂസറോ വിതരണക്കാരോ ഇല്ലാത്ത സിനിമയായിരുന്നു “ഐന്‍.” സര്‍ക്കാരിന്റെ കെ.എസ്.എഫ്.ഡി.സി പാക്കേജിലൂടെ ഞങ്ങള്‍ തന്നെയാണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്.

ലക്ഷങ്ങള്‍ മുടക്കി സിനിമയ്ക്ക് പബ്ലിസിറ്റി നടത്താന്‍ കഴിവില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പ്രൊമോഷനാണ് നടത്തിയത്. പിന്നെ ഈ സിനിമ കണ്ട് ഇഷ്ടപ്പെടുന്ന ആളുകള്‍ പറഞ്ഞേ മറ്റുള്ളവര്‍ തിയറ്ററിലേക്ക് എത്തൂ. അതുവരെ ഒരു ടൈം കൊടുക്കണമായിരുന്നു. പക്ഷേ “ഐന്‍” റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും “പുലി” പോലെ ബിഗ് ബജറ്റിലുള്ള, ഒരു അന്യഭാഷാ സിനിമ തിയറ്ററുകളില്‍ വരുമ്പോള്‍ നമ്മുടെ ഭാഷയില്‍ ചെയ്ത, നന്മയുള്ള ഒരു സിനിമയ്ക്ക് തിയറ്ററുകള്‍ കിട്ടാതാവുന്നു. അതിനാല്‍ ഈ സിനിമ കാണാന്‍ ആഗ്രഹിച്ച പലര്‍ക്കും അതിന് കഴിഞ്ഞില്ല.

“ഐന്‍” കാണാന്‍ ആഗ്രഹിച്ചിട്ടും കഴിയാത്തവര്‍ക്കായി ഏതെങ്കിലും തരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടോ?

അതിനുള്ള ഒരു ശ്രമം കൂടി ഞങ്ങള്‍ നടത്തുന്നുണ്ട്. കോഴിക്കോട്ടെ തിയറ്ററില്‍ ഒരു ഷോ എങ്കിലും വയ്ക്കണമെന്ന് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്ട് കൈരളി എന്ന വലിയ തിയറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. അവിടെ ആളുകള്‍ വന്നു നിറയണമെങ്കില്‍ കളര്‍ഫുള്‍ ആയിട്ടുള്ള, കൊമേഷ്യല്‍ സിനിമകളായിരിക്കണം. അതേസമയം  തൊട്ടപ്പുറത്തുള്ള താരതമ്യേന ചെറിയ ശ്രീ തിയറ്ററില്‍ സിനിമ കളിപ്പിച്ചിരുന്നെങ്കില്‍ “ഹോള്‍ഡ് ഓവര്‍” എന്ന പേരില്‍ “ഐന്‍” എടുത്തു മാറ്റില്ലായിരുന്നു.

“ഐനി”ലെ പ്രധാന ലൊക്കേഷനുകള്‍ മലപ്പുറത്തെ ചേളാരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രദേശങ്ങളാണ്. താങ്കളുടെ വീടും അവിടെയാണ്. താങ്കളായിരുന്നോ ഈ സിനിമ ഇവിടെ ഷൂട്ട് ചെയ്യാം എന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവയോട് അഭിപ്രായപ്പെട്ടത്?

കോട്ടയം ഭാഗങ്ങളിലെവിടെയെങ്കിലും വച്ച് ഷൂട്ട് ചെയ്യാം എന്നായിരുന്നു സിദ്ധു(സിദ്ധാര്‍ത്ഥ ശിവ) ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഈ കഥ കേട്ടപ്പോള്‍ ഞാനാണ് പറഞ്ഞത് മലബാറില്‍ എവിടെയൊക്കെയോ ഉള്ള ഒരു കഥാപാത്രമാണ് സിനിമയിലെ “മാനു” എന്ന്. കഥയെ മലബാറില്‍ പ്ലേസ് ചെയ്താല്‍ കുറേക്കൂടി നന്നായിരിക്കുമെന്നും സിനിമ ആവശ്യപ്പെടുന്ന പശ്ചാത്തലം ലഭിക്കുമെന്നും തോന്നി.

അടുത്ത പേജില്‍ തുടരുന്നു


“മാനു”വിന് മാനസികമായി സംഭവിക്കുന്ന മാറ്റം ആളുകള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ പറ്റുമോ എന്ന് വലിയ ടെന്‍ഷനുണ്ടായിരുന്നു. കാരണം, രൂപത്തിലോ പെരുമാറ്റത്തിലോ ഒന്നുമുള്ള ബാഹ്യമായ ഒരു മാറ്റമല്ല അത്. അയാളുടെ മനസ്സിന്റെ മാറ്റമാണ്. ഞാന്‍ സിദ്ധുവിനോട് പറഞ്ഞതും ആ ചേഞ്ച് ശരിക്കും ലഭിക്കുന്നുണ്ടോ എന്ന് നോക്കാനായിരുന്നു.


 

musthafa-1

“മാനു” എന്ന കഥാപാത്രം സിനിമയുടെ ആദ്യഭാഗങ്ങളില്‍ വളരെ നിഷ്‌കളങ്കനാണ്. പക്ഷേ സിനിമ മുന്നോട്ട് പോകുന്തോറും പല തലങ്ങളിലേക്ക് വളരുകയാണാ കഥാപാത്രം. ശരിക്കും ഒരു വെല്ലുവിളിയായിരുന്നില്ലേ അത്?

തീര്‍ച്ചയായും, അത് മാത്രമായിരുന്നു എനിക്കുണ്ടായിരുന്ന ടെന്‍ഷന്‍. “മാനു”വിന് മാനസികമായി സംഭവിക്കുന്ന മാറ്റം ആളുകള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ പറ്റുമോ എന്ന് വലിയ ടെന്‍ഷനുണ്ടായിരുന്നു. കാരണം, രൂപത്തിലോ പെരുമാറ്റത്തിലോ ഒന്നുമുള്ള ബാഹ്യമായ ഒരു മാറ്റമല്ല അത്. അയാളുടെ മനസ്സിന്റെ മാറ്റമാണ്. ഞാന്‍ സിദ്ധുവിനോട് പറഞ്ഞതും ആ ചേഞ്ച് ശരിക്കും ലഭിക്കുന്നുണ്ടോ എന്ന് നോക്കാനായിരുന്നു.

പ്രത്യേകിച്ച് എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ കഥാപാത്രമാകാന്‍ വേണ്ടി?

അങ്ങനെയൊരാളെക്കണ്ട് നിരീക്ഷിച്ച് പഠിക്കുകയൊന്നും ചെയ്തിരുന്നില്ല. പക്ഷേ സിനിമ കണ്ട് വിളിച്ച പലരും പറഞ്ഞു അത്തരം കഥാപാത്രങ്ങളെ എവിടെയെല്ലാമോ കണ്ടിട്ടുണ്ടെന്ന്. അത് ചിലപ്പോള്‍ ഞാനും കണ്ടിട്ടുണ്ടാകാം. അതിന്റ അംശങ്ങള്‍ അഭിനയിക്കുമ്പോള്‍ കടന്നു വന്നിട്ടുമുണ്ടാകാം.

എത്ര ദിവസത്തോളമെടുത്തു സിനിമയുടെ ഷൂട്ടിങ് തീര്‍ക്കാന്‍?
പതിനഞ്ച് ഇരുപത് ദിവസത്തിനുള്ളില്‍ ഷൂട്ട് തീര്‍ന്നിട്ടുണ്ട്. ഇടയ്ക്ക് ചില ബ്രേക്ക് വന്നു. ഷൂട്ടിനിടയ്ക്ക് പതിനാലാമത്തെ ദിവസമാണ് എനിക്ക് രണ്ടാമത്തെ മകന്‍ ജനിച്ചത്. അവന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. മുടി കളയല്‍ കര്‍മ്മം കാണിക്കുന്ന സീനിലെ ചെറിയ കുട്ടി എന്റെ മകനാണ്.

“ഐന്‍” ഒരു സമാന്തര സിനിമയാണ്. അതിലെ താങ്കളുടെ അഭിനയിച്ചത്തിന് ദേശീയ ജൂറിയുടെ പരാമര്‍ശവും ലഭിച്ചു. കൊമേഷ്യല്‍ സിനിമകളേക്കാള്‍ കൂടുതല്‍ അഭിനയ സാധ്യതയുള്ള മുഴുനീള കഥാപാത്രങ്ങള്‍ ലഭിക്കുന്നത് ഇത്തരം സിനിമകളിലാണെന്ന് തോന്നുന്നുണ്ടോ?

അങ്ങനെയൊന്നുമില്ല. “ലാസ്റ്റ് ബെഞ്ച്” എന്ന സിനിമയില്‍ മുഴുനീള വേഷമായിരുന്നു. പക്ഷേ ആ സിനിമ ഇറങ്ങിയ സമയം ശരിയല്ലാഞ്ഞതിനാല്‍ വിജയിച്ചില്ല. പലരും അതിന്റെ ഡിവിഡി ഒക്കെ ഇറങ്ങിയ ശേഷം കണ്ടിട്ടാണ് നല്ല സിനിമയാണല്ലോ, തിയറ്ററില്‍ ഓടാതിരുന്നതെന്താ എന്നു ചോദിക്കുന്നത്. ഇപ്പോഴത്തെ മലയാളികളുടെ സ്ഥിരം പരിഭവമാണത്. ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി ഓടുന്ന “ഉറുമ്പുകള്‍ ഉറങ്ങാറില്ല” എന്ന സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. “ലോഹ”ത്തിലഭിനയിച്ചു, അതിനുമുമ്പ് “പുണ്യാളന്‍ അഗര്‍ബത്തീസി”ല്‍ അഭിനയിച്ചു.

സമാന്തര സിനിമയിലഭിനയിച്ച് പുരസ്‌കാരം ലഭിച്ചു എന്നതുകൊണ്ട് ഞാന്‍ സമാന്തര സിനിമയുടെ വക്താവാകുന്നില്ല. കുറേക്കാലം മിമിക്‌സ് പരേഡുമായി നടന്നിട്ടുള്ളതുകൊണ്ട് ഹ്യൂമര്‍ വേഷങ്ങള്‍ ആരെങ്കിലും തരികയാണെങ്കില്‍ അത് ചെയ്യാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്.

“ഐന്‍”എന്നത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ഒരു നല്ല സിനിമ എന്നതേയുള്ളൂ. സിനിമകളെ സമാന്തരസിനിമ, കൊമേഷ്യല്‍ സിനിമ എന്ന് തരംതിരിക്കേണ്ട കാര്യമേയില്ല. എല്ലാ നടന്മാരും എവിടെയും ചെയ്യുന്നത് ഒരേ ജോലിയാണ്; അഭിനയം.

അടുത്ത പേജില്‍ തുടരുന്നു


“മുടിനീക്കുന്ന ചടങ്ങിന് അറുക്കുന്ന പോത്തിന്‍രെ ഇറച്ചി അടുത്തുള്ള പാവപ്പെട്ട വീടുകളില്‍ കൊണ്ടുകൊടുക്കുന്നത് നിങ്ങള്‍ കാണിക്കണം” എന്നായിരുന്നു ഒരു വിമര്‍ശനം. പക്ഷേ അത് കാണിക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്തത്. സിനിമയില്‍ മറ്റുള്ളവര്‍ക്കായി പൊതിച്ചോറ് നല്‍കുന്ന, തങ്ങളാലാകുംവിധം മറ്റുള്ളവരെ സഹായിക്കണമെന്നാഗ്രഹിക്കുന്ന രചനയുടെ കഥാപാത്രത്തെ എന്തുകൊണ്ട് ഇവര്‍ കണ്ടില്ല?


 

musthafa-1

 

സിനിമയെപ്പറ്റി വന്ന ഒരു പ്രധാന വിമര്‍ശനം പോത്തിനെ കൊല്ലുന്നതിനെ എതിര്‍ക്കുക വഴി മോദി ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് നയങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ്. താങ്കള്‍ക്ക് അങ്ങനെ തോന്നിയോ സിനിമ കണ്ടപ്പോള്‍?

ഒരിക്കലുമില്ല. അത്തരം ഒരു വിമര്‍ശനം വരുന്നതിന്‍രെ കാരണം ആളുകള്‍ ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യത്തില്‍ നില്‍ക്കുന്നതുകൊണ്ടാണ്. ഈ സിനിമ ഷൂട്ട് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ്. അപ്പോള്‍ ബീഫ് നിരോധനം പോലുള്ള പ്രശ്‌നങ്ങള്‍ അത്ര രൂക്ഷമല്ല. സിനിമയില്‍ പറഞ്ഞിരിക്കുന്നത് പോത്തിനെ അറുക്കുന്ന വിഷയമേയല്ല.

“മാനു” എന്ന കഥാപാത്രത്തിന് അയാള്‍ കാണുന്ന കാഴ്ചകളിലൂടെയുള്ള മാറ്റമാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. യുവതലമുറ പലതും കണ്ടില്ലെന്നു നടിക്കുന്നു എന്നാണ് സിനിമ പറയുന്നത്. ഇത്തരത്തിലുള്ളതെല്ലാം ബാലിശമായ വിമര്‍ശനങ്ങളാണ്.

“മുടിനീക്കുന്ന ചടങ്ങിന് അറുക്കുന്ന പോത്തിന്‍രെ ഇറച്ചി അടുത്തുള്ള പാവപ്പെട്ട വീടുകളില്‍ കൊണ്ടുകൊടുക്കുന്നത് നിങ്ങള്‍ കാണിക്കണം” എന്നായിരുന്നു ഒരു വിമര്‍ശനം. പക്ഷേ അത് കാണിക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്തത്. സിനിമയില്‍ മറ്റുള്ളവര്‍ക്കായി പൊതിച്ചോറ് നല്‍കുന്ന, തങ്ങളാലാകുംവിധം മറ്റുള്ളവരെ സഹായിക്കണമെന്നാഗ്രഹിക്കുന്ന രചനയുടെ കഥാപാത്രത്തെ എന്തുകൊണ്ട് ഇവര്‍ കണ്ടില്ല?

പോത്തിനെ അറുക്കരുത് എന്നതല്ല, കണ്‍മുന്നില്‍ കൊല്ലപ്പെടുന്ന ഒരു മനുഷ്യനെ രക്ഷിക്കാന്‍ കഴിയാത്ത മാനു, താന്‍ ഇടപെട്ട് കൊല്ലുന്ന ഒരു മിണ്ടാപ്രാണിയെയെങ്കിലും രക്ഷിക്കട്ടെ എന്നു വിചാരിക്കുന്ന തിരിച്ചറിവാണ് സിനിമ. അല്ലാതെ ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ച് കാണേണ്ട കാര്യമില്ല. ആ ക്യാരക്ടര്‍ ചെയ്യുമ്പോള്‍ മറിച്ച് ഞാന്‍ മനസിലാക്കിയിട്ടുമില്ല. വിമര്‍ശിച്ചവര്‍ എന്തായാലും പടം ശ്രദ്ധിച്ചുകണ്ടു എന്ന കാര്യം എനിക്ക് മനസ്സിലായി.

രഞ്ജിത് സിനിമകളിലെ സ്ഥിരം മുഖമാണ് മുസ്തഫ. എങ്ങനെ വിലയിരുത്തുന്ന രഞ്ജിത്തുമായുള്ള ബന്ധത്തെ?

രഞ്ജിത് സാറുമായുള്ള ബന്ധത്തെ ഏതെങ്കിലും ഒരു പേരിലൊതുക്കാന്‍ എനിക്ക് സാധിക്കില്ല. അദ്ദേഹം എന്റെ പിതാവാണ്, ഗുരുവാണ്, ജ്യേഷ്ഠനാണ്. എനിക്ക് തോന്നുന്ന ചിന്തകളും സബ്ജക്ടുകളുമെല്ലാം ഡിസ്‌കസ് ചെയ്യാവുന്ന എന്നെ ചേര്‍ത്തു നിര്‍ത്തുന്ന ഗുരുനാഥനാണ് അദ്ദേഹം. സംവിധാനത്തില്‍ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

അഭിനയമല്ലാതെ തിരക്കഥാ രചന, സംവിധാനം അത്തരം മേഖലകളിലേക്ക് കടക്കാനും ഉദ്ദേശ്യമുണ്ടോ?

നമുക്ക് എത്രകാലം അഭിനയിക്കാന്‍ കഴിയും എന്നത് പറയാന്‍ സാധിക്കില്ല. പുതിയ ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് കിട്ടുന്ന, നമുക്ക് പറ്റുന്ന വേഷങ്ങല്‍ മാത്രമേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ. അതുകൊണ്ടുതന്നെയാണ് ഞാന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നതും. സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുകയാണ്. ഇടയ്ക്ക് സ്‌ക്രിപ്‌റ്റെഴുതാന്‍ തോന്നുമ്പോള്‍ എഴുതാറുണ്ട്. ഒന്നും ഒരു മുന്‍ധാരണയില്‍ ചെയ്യുന്നതല്ല. എല്ലാം അറിഞ്ഞിരിക്കാന്‍വേണ്ടി ചെയ്യുന്നു.

പുതിയ സിനിമകള്‍ എന്തൊക്കെയാണ് തീരുമാനിച്ചിരിക്കുന്നത്?

ഇപ്പോള്‍ ഒന്നു രണ്ടു സിനിമകളുടെ പ്ലാനിങ്ങിലാണ്. ഉറപ്പിച്ചിട്ടില്ല. ഇപ്പോള്‍ വിളിക്കുന്ന പലരും ആദ്യം പറയുന്ന കാര്യം ഇതൊരു ഓഫ്ബീറ്റ് മൂവിയാണ്, സഹകരിക്കണം എന്നാണ്. എന്താണ് ഒരു ഓഫ്ബീറ്റ് മൂവി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പണം കുറവ് മുടക്കുന്നു എന്നതിനാല്‍ ഒരു സിനിമ ഓഫ്ബീറ്റ് ആകുമോ? ഇനി അങ്ങനെയാണെങ്കിലും എനിക്ക് പറ്റുന്ന ക്യാരക്ടറാണെങ്കില്‍ ഞാന്‍ ചെയ്യും.

“ഐന്‍” കണ്ടാലറിയാം അതൊരു “അവാര്‍ഡ് സിനിമ” അല്ല. എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിവുള്ളവരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നുണ്ട് ആ സിനിമ. ആര് വിളിച്ചാലും ഞാന്‍ ചോദിക്കുന്നത് ഞാന്‍ ആ ക്യാരക്ടറിന് പറ്റുന്നയാളാണോ എന്നാണ്. അതെ എന്നാണ് ഉത്തരമെങ്കില്‍, എനിക്കും ഇഷ്ടപ്പെടുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കും. ഈയൊരു അവാര്‍ഡ് കിട്ടിയതിന്റെ പേരില്‍ സമാന്തരസിനിമയുടെ വക്താവായി എന്നെ ഒതുക്കരുത് എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.