| Friday, 11th July 2014, 6:29 pm

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനകം എയിംസ്; ഹര്‍ഷവര്‍ദ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: കേരളത്തില്‍ അഞ്ചു വര്‍ഷത്തിനകം എയിംസ് യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. എയിംസ് ആരംഭിക്കുവാനുള്ള സ്ഥലം നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് തുടങ്ങുവാനായി 200 ഏക്കറോളം സ്ഥലം ഓരോ സംസ്ഥാനവും കണ്ടെത്തണമെന്ന് മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു. കേരളമുള്‍പ്പെടെ ഓരോ സംസ്ഥാനങ്ങളിലും 1500 കോടി രൂപ ചെലവിലാണ് എയിംസ് സ്ഥാപിക്കുന്നത്.

ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് കൊണ്ടുവരുമെന്ന് ആദ്യ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ എയിംസ് സ്ഥാപിക്കുന്നത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനം മുലമാണ് എയിംസ് ലഭിക്കാതിരുന്നതെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി. എയിംസ് എവിടെ സ്ഥാപിക്കണമെന്ന് രേഖാമൂലം അറിയിക്കാതെയാണ് സംസ്ഥാനം കേന്ദ്രത്തിനെ പഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more