ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.
വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.ബി.ഐ കോടതിയുടെ വിധിയില്‍ ബോര്‍ഡ് നിരാശയും രേഖപ്പെടുത്തി.
വിധിയില്‍ തനിക്ക് സംതൃപ്തിയില്ലെന്നും ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി (ബി.എം.എസി) കണ്‍വീനര്‍ സഫര്യാബ് ജിലാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി, വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാക്കള്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടും ശക്തമായ കേസ് എടുക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും ലഖ്നൗ സി.ബി.ഐ പ്രത്യേക കോടതി വെറുതേവിട്ടിരുന്നു.
28 കൊല്ലം പഴക്കമുള്ള കേസിലാണ് സെപ്റ്റംബര്‍ 30 ന് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞിരുന്നു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.