Sports News
ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ശ്രീലങ്കക്കെതിരെ ഏറ്റവുമധികം വിക്കറ്റ് നേടിയവന്‍ തമിഴ്‌നാട്ടില്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 02, 06:55 am
Friday, 2nd August 2024, 12:25 pm

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കായാണ് രോഹിത് ശര്‍മയും സംഘവും ലങ്കന്‍ മണ്ണിലെത്തിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് മൂന്ന് മത്സരങ്ങള്‍ക്കും വേദിയാകുന്നത്.

പര്യടനത്തില്‍ നേരത്തെ നടന്ന ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം വിജയിച്ചുകയറിയത്.

ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്‍ കരിയറിലെ മറ്റൊരു പ്രധാന മത്സരത്തിനിറങ്ങുകയാണ്.

 

ഇന്ത്യ – ശ്രീലങ്ക പരമ്പരകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് അശ്വിന്റേത്. ഇരുവരും തമ്മിലുള്ള ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ആക്ടീവ് പ്ലെയേഴ്‌സിന്റെ പട്ടികയില്‍ ഒന്നാമനാണ് അശ്വിന്‍. 32 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.

ഇന്ത്യ – ശ്രീലങ്ക ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍ (ആക്ടീവ് പ്ലെയേഴ്‌സ്)

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – ഇന്ത്യ – 32

ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – 31

രവീന്ദ്ര ജഡേജ – ഇന്ത്യ – 28

ജസ്പ്രീത് ബുംറ – ന്ത്യ – 26

മുഹമ്മദ് സിറാജ് – ഇന്ത്യ – 19

 

അതേസമയം, തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ ലക്ഷ്യമിട്ടാണ് അശ്വിനും ഡിണ്ടിഗല്‍ ഡ്രാഗണ്‍സും ഇന്നിറങ്ങുന്നത്. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍  തിരുപ്പൂര്‍ തമിഴന്‍സാണ് എതിരാളികള്‍. ടി.എന്‍.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഡ്രാഗണ്‍സിന് സാധിച്ചിരുന്നില്ല.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് ഡ്രാഗണ്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയത്. മൂന്നാം സ്ഥാനക്കാരായ മുന്‍ ചാമ്പ്യന്‍മാര്‍ ചെപ്പോക് സൂപ്പര്‍ ഗില്ലീസിനെ എലിമിനേറ്ററില്‍ പരാജയപ്പെടുത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനും അശ്വിനും സംഘത്തിനുമായി.

എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഡ്രാഗണ്‍സ് സൂപ്പര്‍ ഗില്ലീസിനെ പരാജയപ്പെടുത്തിയത്.

ഗില്ലീസ് ഉയര്‍ത്തിയ 159റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെ ഡ്രാഗണ്‍സ് മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ശിവം സിങ്ങിന്റെയും ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെയും കരുത്തിലാണ് ഡ്രാഗണ്‍സ് വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഡ്രാഗണ്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

നായകന്‍ ബാബ അപരജിത്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൂപ്പര്‍ ഗില്ലീസ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. എട്ട് ഫോറും ഒരു സിക്സറും അടക്കം 54 പന്തില്‍ 72 റണ്‍സ് നേടിയാണ് അപരജിത് പുറത്തായത്. 16 പന്തില്‍ 25 റണ്‍സ് നേടിയ നാരായണ്‍ ജഗദീശനും ഒമ്പത് പന്ത് നേരിട്ട് പുറത്താകാതെ 22 റണ്‍സ് നേടിയ അഭിഷേക് തന്‍വറുമാണ് ഗില്ലീസ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ ഗില്ലീസ് 158 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡ്രാഗണ്‍സിന് തുടക്കത്തിലേ പിഴച്ചെങ്കിലും ശിവം സിങ്ങും അശ്വിനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശിവം സിങ് 49 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ 35 പന്തില്‍ 57 റണ്‍സാണ് അശ്വിന്‍ നേടിയത്.

അതേസമയം, ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പയും സ്വന്തമാക്കാണ് ഇന്ത്യയിറങ്ങുന്നത്.

 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

ശ്രീലങ്ക സ്‌ക്വാഡ്

ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, നിഷന്‍ മധുഷ്‌ക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്‌നെ, മഹീഷ് തീക്ഷണ, അഖില ധനഞ്ജയ, മുഹമ്മദ് ഷിറാസ്, ഇഷാന്‍ മലിംഗ, അസിത ഫെര്‍ണാണ്ടോ.

 

 

Content Highlight: Aiming for the finals of TNPL, R. Ashwin will face Tirupur Tamils ​​in the second qualifier