| Sunday, 18th February 2024, 9:49 am

ബീഹാറിലും ഝാർഖണ്ഡിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്ന് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബീഹാറിലെ മുസ്‌ലീം സ്വാധീന പ്രദേശമായ സീമാഞ്ചലിലും ഝാർഖണ്ഡിലും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം). ബീഹാറിൽ നാല് സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി മേധാവി അസദുദ്ദീൻ ഉവൈസി അറിയിച്ചു.

2019ൽ മത്സരിച്ച കിഷൻഗഞ്ചിന് പുറമേ പുർണിയ, അരാറിയ, കതിഹാർ എന്നീ ലോക്‌സഭ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. ഝാർഖണ്ഡിലും രണ്ടോ മൂന്നോ സീറ്റുകളിൽ മത്സരിക്കാനുള്ള ആലോചനയുണ്ടെന്നും ഉവൈസി വ്യക്തമാക്കി.

‘വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലകളിൽ നിന്ന് കൂടുതൽ സ്ഥാർഥികളെ മത്സരിപ്പിക്കാനുള്ള ആലോചനയുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബീഹാറിലെ കിഷൻഗഞ്ചിൽ മാത്രമാണ് പാർട്ടി മത്സരിച്ചത്. ഇത്തവണ ബീഹാറിലും ഝാർഗണ്ഡിലും കൂടുതൽ സ്ഥാനാർഥികളെ മത്സരത്തിനിറക്കും. അന്തിമ തീരുമാനം പാർട്ടി ഉടൻ അറിയിക്കും’,ഉവൈസി പറഞ്ഞു. പ്രഖ്യാപനത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉവൈസി സീമാഞ്ചലിൽ പര്യടനം ആരംഭിച്ചിരുന്നു.

കിഷൻഗഞ്ചിലെ അലിഗഡ് മുസ്‌ലീം സർവകലാശാല ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെയും മുൻ നിതീഷ് കുമാർ സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. ‘കേന്ദ്ര സർക്കാരും നിതീഷ്‌കുമാർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ടാൽ സർവകലാശാല നിർമാണത്തിലെ തടസ്സങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കാനാകും’,ഉവൈസി പറഞ്ഞു.

യു.പി.എ സർക്കാരിന്റെ ഭരണകാലത്താണ് കിഷൻഗഞ്ചിലെ എ.എം.യു കാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പണി പിന്നീട് നിർത്തിവച്ചു. ശേഷം അധികാരികൾ വിഷയത്തിൽ ഇടപെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച ഉവൈസി രാജ്യത്ത് ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം വർഗീയത വർധിച്ചെന്നും മുസ്‌ലിം ന്യൂനപക്ഷങ്ങളെ അവർ രാഷ്ട്രീയത്തിൽ നിന്നും അകറ്റിയെന്നും ആരോപിച്ചു.

Contant Highlight: AIMIM planning to field more candidates from bihar and jharkhand

We use cookies to give you the best possible experience. Learn more