| Monday, 27th May 2024, 4:39 pm

അഞ്ജാതരുടെ വെടിവെപ്പ്; എ.ഐ.എം.ഐ.എം നേതാവിന് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ജാതരുടെ വെടിവെപ്പില്‍ എ.ഐ.എം.ഐ.എം നേതാവിന് പരിക്കേറ്റു. മുന്‍ മാലേഗാവ് മേയര്‍ അബ്ദുള്‍ മാലിക്കിനാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അഞ്ജാതരായ രണ്ട് പേര് മാലിക്കിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പഴയ ആഗ്ര റോഡിലെ ഒരു കടയുടെ പുറത്ത് മാലിക് ഇരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാലേഗാവ് സിറ്റി പൊലീസ് പറഞ്ഞു. വെടിവെപ്പില്‍ അബ്ദുല്‍ മാലിക്കിന് നെഞ്ചിലും കാലിലുമായാണ് വെടിയേറ്റത്.

ഒന്നിലധികം തവണ അദ്ദേഹത്തിന്റെ നേരെ അക്രമികള്‍ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മാലിക്കിനെ നാസിക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ് അബ്ദുല്‍ മാലിക്.

അജ്ഞാതരായ രണ്ട് പേര്‍ക്കെതിരെ 307 (കൊലപാതകശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും സംസ്ഥാന പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു. മാലിക്കിന്റെ സഹോദരനുമായി ഫോണില്‍ സംസാരിച്ചുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഒവൈസി എക്സില്‍ കുറിച്ചു.

ഫെബ്രുവരിയില്‍ ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എ.ഐ.എം.ഐ.എം നേതാവ് അബ്ദുള്‍ സലാമിനെ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഡിസംബറില്‍ ബീഹാറിലെ സിവാനില്‍ നിന്നുള്ള എ.ഐ.എം.ഐ.എം ജില്ലാ പ്രസിഡന്റും വെടിയേറ്റ് മരിച്ചിരുന്നു.

Content Highlight: AIMIM party leader injured after 2 unidentified persons fire at him

We use cookies to give you the best possible experience. Learn more