| Wednesday, 5th August 2020, 10:54 am

'ബാബരി മസ്ജിദ് അവിടെത്തന്നെയുണ്ട്, എന്നെന്നും നിലനില്‍ക്കും: അയോധ്യയുടെ ചരിത്രത്തില്‍ നിന്ന് മസ്ജിദിനെ ഒഴിവാക്കാനാകില്ല': അസസുദ്ദിന്‍ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബാബരി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോധ്യയുടെ ചരിത്ര പാരമ്പര്യം പൂര്‍ണ്ണമാകില്ലെന്ന് എ.ഐ.ഐ.എം നേതാവ് അസസുദ്ദിന്‍ ഒവൈസി. അയോധ്യയില്‍ ഭൂമി പൂജ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റ്.

ഹാഷ്ടാഗ് ബാബരി മസ്ജിദ് എന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. ‘ബാബരി മസ്ജിദ് ഇവിടുണ്ട്, എന്നെന്നും അത് നിലനില്‍ക്കും’- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

നേരത്തേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു ഭൂമിപൂജയ്്ക്കായി പ്രധാനമന്ത്രി എത്തുന്ന നടപടിയോടുള്ള എതിര്‍പ്പും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച് നടക്കുന്ന ഭൂമിപൂജയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ ട്വീറ്റിനും അദ്ദേഹം മറുപടി നല്‍കിയിരുന്നു.

ഇനിയും നാട്യം തുടരാത്തതില്‍ സന്തോഷമുണ്ടെന്നും ബാബറി മസ്ജിദ് തകര്‍ച്ചയില്‍ നല്‍കിയ സംഭാവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിമാനിക്കാമെന്നുമാണ് ഒവൈസി ട്വീറ്റ് ചെയ്തത്.

‘ അവര്‍ ഇനിയും അഭിനയിക്കാത്തതില്‍ സന്തോഷം. തീവ്ര ഹിന്ദുത്വ നിലപാടുകളെ അവര്‍ക്ക് സ്വീകരിക്കണമെങ്കില്‍ കുഴപ്പമില്ല. പക്ഷെ എന്തിനാണ് സാഹോദര്യത്തെക്കുറിച്ചുള്ള പൊള്ളയായ സംസാരം? നാണിക്കേണ്ട, ബാബറി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ അഭിമാനിക്കുക,’ ഒവൈസി ട്വീറ്റ് ചെയ്തു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്’, പ്രിയങ്ക പറഞ്ഞു.

ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ട്വീറ്റില്‍ ജയ് ശ്രീരാം എന്നും പ്രിയങ്ക എഴുതിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more