ഗുവാഹത്തി: കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് അസമില്‍ ‘ബാബറി’ന്റെ ഭരണത്തിന് സമാനമായ സ്ഥിതി കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അസം മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം.
‘ബദറുദ്ദിന്‍ അജ്മലിന്റെയും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും ലക്ഷ്യം അസമില്‍ ബാബറിന്റെ ഭരണം കൊണ്ടുവരണമെന്നാണ്. എന്നാല്‍ ബി.ജെപിയുടെ ‘ഹനുമാന്‍’ സേവകര്‍ അസമിലുണ്ടെന്ന കാര്യം മറക്കരുത്. ഞങ്ങള്‍ രാമന്റെ ആശയങ്ങളുമായി മുന്നോട്ടുപോകും’, ഹിമന്ത് പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവനുള്ളിടത്തോളം കാലം അസം സെക്രട്ടറിയേറ്റിന്റെ പരിസരത്ത് പ്രവേശിക്കാന്‍ അജ്മലിന് സാധിക്കില്ലെന്ന് ഹിമന്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അസമില്‍ ബി.ജെ.പി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ അസമില്‍ എത്തിയിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പൊതുപരിപാടിക്കിടെ കോണ്‍ഗ്രസിനെതിരെ ഷാ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് അടുത്ത അസം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ അസമില്‍ പറഞ്ഞു.
അസമിനെ അക്രമമില്ലാത്ത, നുഴഞ്ഞുകയറ്റക്കാരില്ലാത്ത, പ്രളയമില്ലാത്ത സംസ്ഥാനമായി ബി.ജെ.പി മാറ്റും. ബോഡോലാന്‍ഡ് പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കികൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.
ബോഡോലാന്‍ഡ് കരാര്‍ ഒപ്പിട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടെന്നും ഇപ്പോള്‍ ബി.ടി.സിയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നിട്ടുണ്ടെങ്കില്‍ പ്രദേശം ഇനിയും കൂടുതല്‍ വികസനം കൈവരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബോഡോ മേഖലയില്‍ റോഡ് നിര്‍മ്മിക്കുന്നതിന് 500 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുവെന്നും അമിത് ഷാ പ്രഖ്യാപിച്ചു. കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് അസമിലെ തന്നെ ഏറ്റവും വികസിതമായ പ്രദേശമായി ബോഡോയെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം അസമില്‍ വലിയ വിവാദമായ സി.എ.എയെക്കുറിച്ച് സംസാരത്തിനിടെ ഒരിക്കല്‍ പോലും അമിത് ഷാ പ്രതിപാദിച്ചില്ല. അമിത് ഷാ അസമില്‍ എത്തിയതിന് പിന്നാലെ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സി.എ.എ നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക