ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ സുപ്രധാന വാദം കേള്‍ക്കലില്‍ ഹാജരാകാതെ ആശുപത്രിയില്‍ അഡ്മിറ്റായ പ്രജ്ഞ സിങ് ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെ പോയത് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍.
വ്യാഴാഴ്ചയായിരുന്നു മുംബൈ കോടതിയില്‍ പ്രജ്ഞ ഹാജരാവേണ്ടിയിരുന്നത്. എന്നാല്‍ തലേദിവസം രാത്രി ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. രോഗവിവരം പറഞ്ഞ് കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും പ്രജ്ഞ ഇളവു തേടുകയും ചെയ്തിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ഇവര്‍ രജപുത് സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു പരിപാടി. മഹാറാണാ പ്രതാപിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ ബി.ജെ.പി ഭോപ്പാല്‍ ജില്ലാ പ്രസിഡന്റ് വികാസ് വിരാണിയും മേയര്‍ അലോക് വര്‍മ്മയും പങ്കെടുത്തിരുന്നു.
രോഗം മാറിയോ എന്ന് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും അതിനുശേഷം അവര്‍ ആശുപത്രിയിലേക്ക് തന്നെ പോയെന്നുമാണ് പ്രജ്ഞയുടെ സഹായി പറഞ്ഞത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വയറുവേദനയുമാണെന്ന് പറഞ്ഞാണ് പ്രജ്ഞ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ഒരു ദിവസത്തെ ഇളവുനേടിയത്. ‘പ്രജ്ഞ ദീദിയ്ക്ക് സുഖമില്ല. അവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വയറുവേദനയും കാരണം ബുധനാഴ്ച രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. അവര്‍ മുംബൈ കോടതിയില്‍ എത്തുമോയെന്ന് ഉറപ്പില്ല’ എന്നായിരുന്നു വ്യാഴാഴ്ച പ്രജ്ഞയുടെ സഹായി പറഞ്ഞത്.
അസുഖത്തെക്കുറിച്ച് കോടതിയില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നാളെയും ഹാജരായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയായിരുന്നു കോടതി പ്രജ്ഞയ്ക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചത്.
മലേഗാവ് കേസില്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രജ്ഞ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ് നടപടികളില്‍ സംബന്ധിക്കേണ്ടതുള്ളതിനാല്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ തനിക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു പ്രജ്ഞ ഹര്‍ജിയില്‍ പറഞ്ഞത്. ഈ ആവശ്യം കോടതി മുഖവിലയ്ക്കെടുത്തികരുന്നില്ല. വാദം കേള്‍ക്കാന്‍ ഈ ആഴ്ചതന്നെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസ് വാദം കേള്‍ക്കുന്നതിനായി ഈ ആഴ്ച തന്നെ കോടതിയില്‍ ഹാജരാകണമെന്ന് പ്രജ്ഞാ സിങ്ങിനോട് കോടതി നിര്‍ദേശിച്ചു. മലേഗാവ് കേസിന്റെ വിചാരണ വേളയില്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഏഴ് പ്രതികളും ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇളവ് അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവ് സ്‌ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ച കേസ് ഏപ്രില്‍ 2011നാണ് എന്‍ഐഎയ്ക്കു കൈമാറിയത്.