| Monday, 14th May 2018, 8:22 pm

നിങ്ങള്‍ കള്ളം പറയരുത് മിനിസ്റ്റര്‍... അലിഗഢില്‍ ജാട്ട് രാജാവിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്; അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപിന്റെ ചിത്രം ഇല്ലെന്ന ബി.ജെ.പി മന്ത്രിയുടെ വാദം കള്ളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ക്യാംപസിനായി ഭൂമി വിട്ടുകൊടുത്ത രാജാ പ്രതാപ് സിംഗിന്റെ ഛായാചിത്രമില്ലെന്ന ബി.ജ.പി നേതാവും ഹരിയാന ധനകാര്യ മന്ത്രിയുമായ ക്യാപ്റ്റന്‍ അഭിമന്യുവിന്റെ പ്രചരണം വ്യാജം. സര്‍വകലാശാലയിലെ പ്രധാന ലൈബ്രറിയില്‍ രാജാ പ്രതാപ് സിംഗിന്റെ ചിത്രമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൗലാനാ ആസാദ് ലൈബ്രറിയില്‍ രാജാ പ്രതാപ് സിംഗിന്റെ പിതാവ് രാജാ ഘനശ്യാമിന്റെ പേര് ആലേഖനം ചെയ്തിട്ടുമുണ്ട്. ശനിയാഴ്ച ധര്‍മ്മശാലയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ഹരിയാന മന്ത്രിയുടെ വിദ്വേഷകരമായ പ്രസംഗം.

അലിഗഢ് സര്‍വകലാശാലാ പ്രധാന ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ ചിത്രം

” എന്തിനാണ് അധികം പറയുന്നത്. ഈ സര്‍വകലാശാലയില്‍ രാജാപ്രതാപ് സിംഗിന്റെ ചിത്രം പതിച്ചിട്ടില്ല. അദ്ദേഹമാണ് സര്‍വകലാശാലയ്ക്കായി ഭൂമി ദാനം ചെയ്തത്. എന്നാല്‍ രാജ്യം വിഭജിക്കാന്‍ കൂട്ട് നിന്ന മുഹമ്മദലി ജിന്നയുടെ ചിത്രമാണ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.”

അതേസമയം സര്‍വകലാശാലയുടെ 3.9 ഏക്കറാണ് രാജാ പ്രതാപ് സിംഗ് നല്‍കിയിട്ടുള്ളതെന്നും മൈതാനവും സിറ്റി പബ്ലിക് സ്‌കൂളും ഉള്‍പ്പെട്ടിട്ടുള്ള ഭാഗമാണ് അദ്ദേഹം ദാനം തന്നതെന്നും അലിഗഢ് മുസ്‌ലിം സര്‍വലാശാലയിലെ വക്താവായ ഷാഫേയ് കിദ്വായ് പറഞ്ഞു. അതേസമയം മാനവവിഭവശേഷി മന്ത്രാലയത്തിനു അലിഗഢ് വി.സി സമീറുദ്ദീന്‍ ഷാ നല്‍കിയ കത്തില്‍ പറയുന്നത് 3.04 ഏക്കറാണ് രാജാ പ്രതാപ് നല്‍കിയിട്ടുള്ളതെന്നാണ്.

ക്യാപ്റ്റന്‍ അഭിമന്യു

നേരത്തേയും അലിഗഢ് സര്‍വകലാശാലയില്‍ കലാപം സൃഷ്ടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചിരുന്നു. 2014 ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനായിരുന്ന ലക്ഷ്മികാന്ത് ബാജ്പതിയും സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. രാജാ പ്രതാപിന്റെ ജന്മദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

അലിഗഢ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടരവെയാണ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവായ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിടണമെന്ന് ഹരിയാനയിലെ ധനകാര്യമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞത്.

“ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും വിദ്യഭ്യാസത്തിനായി സര്‍വകലാശാലയ്ക്കായി ഭൂമി നല്‍കിയ”യാളാണ് മഹേന്ദ്രപ്രതാപ് സിങ്ങെന്ന് ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു. മതത്തിനതീതമായി എല്ലാവര്‍ക്കും വിദ്യഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം ഭൂമി നല്‍കി, പക്ഷെ സര്‍വകലാശാലയില്‍ രാജമഹേന്ദ്ര പ്രതാപ് സിങ്ങിന്റെ ചിത്രം മാത്രമില്ല, പകരം രാജ്യത്തെ വിഭജിച്ച ജിന്നയുടെ ചിത്രമാണുള്ളത്. ബി.ജെ.പി മന്ത്രി പറഞ്ഞു.

മുഹമ്മദലി ജിന്ന

ഒന്നിച്ച് നിന്നാല്‍ മാത്രമേ സര്‍വകലാശാലയുടെ പേര് മാറ്റിക്കിട്ടുകയുള്ളൂവെന്നും അഭിമന്യു പറഞ്ഞു.

അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഹാളിലെ ജിന്നയുടെ ചിത്രത്തെ ചോദ്യംചെയ്ത് അലിഗഢില്‍ നിന്നുള്ള ബി.ജെ.പി. എം.പി. സതീഷ് ഗൗതം വി.സി.ക്ക് കത്തയച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയിരുന്നത്.

ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലിയുടെ ചിത്രം എന്തിനാണ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചതെന്നായിരുന്നു സതീഷ് ഗൗതം ചോദിച്ചിരുന്നത്.

എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. വിഭജനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കിയിരുന്നുവെന്നും ആജീവനാന്ത അംഗങ്ങളായ എല്ലാവരുടെയും ചിത്രങ്ങള്‍ ക്യാമ്പസിലുണ്ടെന്നുമാണ് സര്‍വകലാശാല നിലപാടറിയിച്ചിരുന്നത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more