| Monday, 12th March 2018, 6:41 pm

ആരാണ് മുംബൈ കര്‍ഷക പ്രക്ഷോഭത്തിന്റെ ഹീറോസ്? കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു

ജിന്‍സി ടി എം

ദേശീയതലത്തില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ച മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് കരിവള്ളൂര്‍ സ്വദേശികൂടിയായ അഖിലേന്ത്യാ കിസാന്‍ സഭാ ജോയിന്റെ് സെക്രട്ടറി വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു

മുംബൈയിലെ കര്‍ഷക പ്രക്ഷോഭത്തിലൂടെ കിസാന്‍ സഭ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പ്രധാനമായും എന്താണ്?

ഒന്ന് കടാശ്വാസമാണ്. കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം. പിന്നെ സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക. താങ്ങുവില നിശ്ചയിക്കുമ്പോള്‍ ഉല്പാദനച്ചിലവിന്റെ ഒന്നരമടങ്ങാക്കുക. അതായത് നൂറുരൂപയാണ് ഉല്പാദനച്ചിലവെങ്കില്‍ 150 രൂപയായി താങ്ങുവില വര്‍ധിപ്പിക്കുക. ആദിവാസികള്‍ക്കുള്ള ഫോറസ്റ്റ് റൈറ്റ് ആക്ട് നടപ്പിലാക്കുക. ഹൈവേ പ്രോജക്ടിനുവേണ്ടിയും മറ്റും ഭൂമിയേറ്റെടുക്കല്‍ നടക്കുന്നുണ്ട്. അതൊക്കെ ആദിവാസി ഏരിയകളില്‍ നിന്നാണ് കൂടുതലായി നടക്കുന്നത്.

മഴയും കാലാവസ്ഥാ പ്രശ്നങ്ങളുമൊക്കെ കാരണമുണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമൊന്നും കര്‍ഷകര്‍ക്കു കിട്ടിയിട്ടില്ല. ഇത് നല്‍കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കൊണ്ടുവരിക. ഒരുപാട് പേര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ല. കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുക. ഈ ഡിമാന്റ്സൊക്കെ വെച്ചുകൊണ്ടാണ് സമരം നടക്കുന്നത്.

സമരത്തില്‍ എത്രപേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

സമരത്തിന് വലിയ ജനപങ്കാളിത്തം തന്നെയുണ്ട്. അത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. നാസിക്കില്‍ തുടങ്ങുമ്പോള്‍ തന്നെ 20,000ത്തിനടുത്ത് ഉണ്ടെന്നായിരുന്നു കണക്ക്. പാല്‍ഗര്‍, വാഡ പോലുള്ള സ്ഥലങ്ങളിലൂടെ കടന്നുപോയപ്പോള്‍ കുറേയേറെ ആദിവാസി കര്‍ഷകരും പങ്കുചേര്‍ന്നു. ഓരോ ദിവസവും പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമാണുണ്ടാവുന്നത്. താനെ മുംബൈ എത്തുമ്പോള്‍ കര്‍ഷകര്‍ക്കൊപ്പം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റുമേഖലയില്‍ നിന്നും ആളുകള്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലാളികള്‍, ഫ്യൂഡല്‍സ്, യുവാക്കള്‍ തുടങ്ങിയവര്‍.

മാര്‍ച്ച് 12ന് മുംബൈയില്‍ അവസാനിക്കുന്ന പ്രക്ഷോഭങ്ങളില്‍ ഒരുലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നാണ് കിസാന്‍ സഭ പറയുന്നത്. ഇത്രവലിയൊരു ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടോ? നേരത്തെ രാജസ്ഥാനിലെ കര്‍ഷക മാര്‍ച്ചില്‍ നടന്നതുപോലെ അറസ്റ്റു പോലുള്ള നടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ടോ?

സര്‍ക്കാര്‍ പലഭാഗത്തും കര്‍ഷകരെ തടയുന്നുണ്ട്. ഈ മാര്‍ച്ച് അങ്ങനെ തടയുന്നില്ലെങ്കിലും ഇതിലേക്ക് ആളുകള്‍ കൂടുന്നതിന് ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളും മറ്റുമുണ്ട്. ഒരുലക്ഷത്തോളം പേര്‍ മുംബൈയിലുണ്ടാവുമെന്നതാണ് ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ മാര്‍ച്ച് ആറുമുതല്‍ ഇത്രയും ദിവസം നിലവിലെ സംഖ്യയില്‍ തന്നെ ഇത്രയും ആളുകള്‍ നടന്നത് വലിയ കാര്യമാണ്.

നടന്നുവരികയാണല്ലോ. 200ഓളം കിലോമീറ്ററാണ് ഏകദേശം നടക്കേണ്ട ദൂരം. രാവിലെ ഏഴുമണിക്ക് തുടങ്ങിയാല്‍ ഒരു മണിവരെ നടക്കും. ഇടയ്ക്കൊന്ന് എവിടെയെങ്കിലും വെള്ളം കുടിക്കാനായി നിര്‍ത്തുന്നു. വീണ്ടും നടത്തം തുടരും. ഉച്ചയ്ക്ക് ഭക്ഷണത്തിനായി നിര്‍ത്തുന്നു. അവിടെ നിന്ന് നാട്ടുകാരുടെയും മറ്റും സഹായത്തോടെ എന്തെങ്കിലും പാകം ചെയ്ത് കഴിക്കും. പിന്നീട് ഒരു മണിക്കൂര്‍ വിശ്രമിക്കും. നടക്കുന്നവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതില്‍ തന്നെയുണ്ട്.

രാജസ്ഥാനില്‍ രണ്ടാം ഘട്ടത്തില്‍ കുറേപ്പേരെ അറസ്റ്റു ചെയ്തിരുന്നു. എന്നിട്ടുപോലും കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങി. അറസ്റ്റു ചെയ്തവരെ പ്രക്ഷോഭത്തിന്റെ സമ്മര്‍ദ്ദം കാരണം കുറ്റമൊന്നും ചുമത്താതെ വെറുതെ വിടേണ്ടിവന്നിരുന്നു. കഴിഞ്ഞദിവസം അവിടെ പുതിയൊരു കരാര്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കടം എഴുതി തള്ളുമെന്ന്. കടാശ്വാസവുമായി ബന്ധപ്പെട്ട മുമ്പത്തെ പ്രഖ്യാപനം വളരെക്കുറച്ചുപേര്‍ക്കു മാത്രമാണ് ഗുണമായത്.

കോര്‍പ്പറേറ്റീവ് കടമൊന്നും എഴുതി തള്ളിയിരുന്നില്ല. ഇപ്പോള്‍ അതുംകൂടി എഴുതിത്തള്ളുമെന്ന് തീരുമാനമായി. മറ്റൊന്ന് പ്രൈവറ്റ് ടോള്‍ എടുത്തുമാറ്റിയത്. ഇവിടെ ടോള്‍ ടാക്സ് വളരെയധികമാണ്. കര്‍ഷകര്‍ സാധനം വില്‍പ്പനയ്ക്കായി കൊണ്ടുപോകുമ്പോള്‍ ടോള്‍ കൊടുക്കേണ്ടിവന്നിരുന്നു. അല്ലെങ്കില്‍ തന്നെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് വലിയ വില ലഭിക്കുന്നില്ല. അതിനൊപ്പം ഈ ടോള്‍ കൂടിയായപ്പോള്‍ വലിയ പ്രശ്നമായിരുന്നു. ഇനി ആ ടോള്‍ ടാക്സ് കൊടുക്കേണ്ട കാര്യമില്ല.

സമരങ്ങളുടെ ഒരു കോണ്‍ടെക്സ്റ്റില്‍ ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഈ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഉടന്‍തന്നെ ഇടതുപക്ഷം അവിടെ സര്‍ക്കാറുണ്ടാക്കുമെന്ന് കരുതരുത്. പക്ഷേ കര്‍ഷകരവിരുദ്ധ നയം നടപ്പിലാക്കുന്ന ബി.ജെ.പിക്കെതിരെ ഒരു അന്തരീക്ഷമുണ്ടാകുന്നു. ചില സ്ഥലങ്ങളില്‍ അത് ഇടതുപക്ഷത്തിന് നേട്ടമുണ്ടാകുമെന്നത് ശരിയാണ്. ബി.ജെ.പി (ബാ.ജാ.പാ)മോദി കിസാന്‍ വിരോധി ഇതാണ് ഇപ്പോള്‍ ഇവിടെ ഉയരുന്ന മുദ്രാവാക്യം. കര്‍ഷക വിരുദ്ധ ഇമേജ് ബി.ജെ.പിക്ക് മാറ്റാന്‍ പറ്റുന്നില്ല.

സി.പി.ഐ.എമ്മിന് വലിയ തോതില്‍ സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്താണ് അവരുടെ കര്‍ഷക സംഘടന ഇത്രവലിയൊരു പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത് ഓര്‍ഗനൈസ് ചെയ്തത്?

തീരെ സ്വാധീനമില്ലാത്ത പ്രദേശമാണെന്നു പറഞ്ഞുകൂടാ. നാസിക്കിലും മറ്റും വെര്‍ളി ആദിവാസി സമരം കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കുറേമുമ്പുണ്ടായിരുന്നു. 45 നും 52നും ഇടയില്‍. ഗോദാവരി പരുലേക്കര്‍ എന്ന കര്‍ഷക സംഘത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന മഹിളാ നേതാവിന്റെ നേതൃത്വത്തിലായിരുന്നു സമരം. അന്നുമുതല്‍ അവിടെ ഫൈറ്റ് ചെയ്ത് ആദിവാസികള്‍ക്കിടയില്‍ സ്വാധീനം സൃഷ്ടിച്ചിരുന്നു.

ഇന്ന് മിക്കയാള്‍ക്കാരും ഈ സമരങ്ങളെപ്പറ്റിയൊന്നും സംസാരിക്കുന്നില്ല. കുറേ ആദിവാസി ഗ്രൂപ്പും മറ്റും ഇപ്പോള്‍ വരുന്നുണ്ടല്ലോ. അവരെക്കാളൊക്കെ മുമ്പ് ഈ വിഷയങ്ങള്‍ നമ്മള്‍ ഏറ്റെടുത്തതാണ്. വളരെ വിജയകരമായി നടത്തുകയും ചെയ്തതാണ്. അതൊക്കെ തുടര്‍ന്നിട്ടുമുണ്ട്. അതിന്റെയൊരു പ്രഭാവമുണ്ട്.

ഞങ്ങളാരുമല്ല യഥാര്‍ത്ഥത്തില്‍ അതിന്റെ സംഘാടകര്‍. ശരിക്കും അവിടുള്ള ആള്‍ക്കാരാണ്. ഗ്രാസ്റൂട്ട് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ അവിടുത്തെ സംസ്ഥാന നേതാക്കളും. ഗ്രാമങ്ങളില്‍ പോയി അവിടുത്തെ സാധാരണക്കാരെ പൊളിറ്റിക്കൈസ് ചെയ്ത് ഇവിടെ കൊണ്ടുവരാനുള്ള ശ്രമം നടത്തുക, അതിനുവേണ്ടുന്ന റിസോഴ്സസ് ഉണ്ടാക്കുക, എല്ലാ കഷ്ടപ്പാടും അവരാണ് എടുക്കുന്നത്.

അഖിലേന്ത്യാ നേതാക്കളായ നമ്മള്‍ അവിടെ പോകുന്നത് ഐക്യദാര്‍ഢ്യം എന്നുള്ള രീതിയിലാണ് നമ്മള്‍ ഇതിന്റെ ഭാഗമായത്. നമ്മള്‍ പൊതുവെ കലക്ടീവായിട്ട് ഒരു തീരുമാനം എടുക്കുന്നു. അതായത് സമരങ്ങളെ ശക്തിപ്പെടുത്തണം, യുണൈറ്റഡ് സ്ട്രഗിള്‍സ് വേണം, എല്ലാ ഗ്രാമങ്ങളിലും കര്‍ഷക സംഘമുണ്ടാക്കാന്‍ ശ്രമിക്കണം, എന്നുള്ള ജനറല്‍ ലൈന്‍ നമ്മള്‍ എടുത്തിട്ടുണ്ട്. അത് നടപ്പിലാക്കുന്നത് ഗ്രാസ് റൂട്ട് വര്‍ക്കേഴ്സാണ്. ഈ സമരത്തിന്റെ ഹീറോസ് ശരിക്കും അവരാണ്.

ഇതൊരു ഒറ്റയാള്‍ പോരാട്ടമല്ല. ചില ഓണ്‍ലൈനുകള്‍ വിജു കൃഷ്ണന്‍ നേതൃത്വം നല്‍കി എന്ന തരത്തില്‍ കൊടുക്കുന്നുണ്ട്. അങ്ങനെ പ്രചരിപ്പിക്കുന്നത് ശരിയല്ല. കര്‍ഷക സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ലേ കഴിഞ്ഞ ആറാം തിയ്യതി മുതല്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സഖാവാണദ്ദേഹം. ഇതു ഒരാള്‍ ഉണ്ടാക്കുന്ന ഒരു സമരമല്ല, കലക്ടീവായിടുള്ള ഒരു മൂവ്മെന്റാണ്. നമുക്കൊക്കെ ഒരു റോള്‍ എന്തായാലുമുണ്ട്. അത് പെരുപ്പിച്ചുകാണിക്കരുത് എന്നാണ് ഞാന്‍ പറയുന്നത്.

മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന വെടിവെപ്പിനു പിന്നാലെയാണ് രാജസ്ഥാന്‍, ഹരിയാന, ഇപ്പോള്‍ മുംബൈയില്‍ കര്‍ഷക സഭ പ്രക്ഷോഭം സംഘടിപ്പിച്ചത്. മധ്യപ്രദേശിലെ വെടിവെപ്പാണോ ഇത്തരമൊരു കര്‍ഷക മുന്നേറ്റമെന്ന ആശയത്തിലെത്തിച്ചത്?

മധ്യപ്രദേശില്‍ കര്‍ഷക റാലിക്കുനേരെ പൊലീസ്‌ വെടിവെപ്പ് നടന്നു. അതില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടു. അതിനെതിരെയാണ് ഒന്ന്. പക്ഷേ അതിനു മുമ്പ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും സമരം നടത്തിയിരുന്നു. ഇവിടുത്തെ സമരം കണ്ടുകൊണ്ടാണ് മധ്യപ്രദേശില്‍ സമരം തുടങ്ങുന്നത്. അതില്‍ വെടിവെപ്പു നടന്നു. അപ്പോള്‍ ഞങ്ങള്‍ മറ്റു കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 190 ഓളം സംഘടനകള്‍ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി, സമരങ്ങളുടെ സമന്വയം എന്നുള്ള രീതിയില്‍ രൂപീകരിച്ച് കര്‍ഷക മുന്നേറ്റം കൊണ്ടുവന്നു.

മുംബൈയില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിനു പിന്നില്‍ മറ്റേതൊക്കെ സംഘടനകളുണ്ട്?

ഇത് ഒരു ഇന്‍ഡിപെന്‍ഡന്റ് മൊബിലൈസേഷനാണിത്. കുറേ കര്‍ഷക സംഘടനകള്‍ നമുക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവിടുത്തെ തന്നെ യോഗേന്ദ്ര യാദവിന്റെ ഗ്രൂപ്പ്, ഭൂമി അധികാര്‍ ആന്തോളന്‍ തുടങ്ങിയ സംഘടനകളൊക്കെ പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടാതെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇത്തരമൊരു പ്രക്ഷോഭത്തിന് സാധ്യതയുണ്ടോ?

കേരളത്തിലെ സര്‍ക്കാര്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ആണ്. അവര്‍ കര്‍ഷകര്‍ക്കുവേണ്ടി കുറേനയങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒന്ന്, നെല്ലിനു താങ്ങുവില നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ക്വിന്റലിന് 1550 ആണ്. ഒരു ക്വിന്റലിന്. പക്ഷേ ശേഖരണം മിക്ക സംസ്ഥാനങ്ങളിലും നടക്കുന്നില്ല. ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീസ എന്നിവിടങ്ങളിലൊക്കെ എണ്ണൂറിനും ആയിരത്തി ഇരുന്നൂറിനും ഇടയിലാണ് കര്‍ഷകര്‍ക്കു കിട്ടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കപ്പെടുന്നില്ല. കച്ചവടക്കാരാണ് ഇതെല്ലാം വാങ്ങിക്കുന്നത്.

കേരളത്തില്‍ 800രൂപ അധികമുണ്ട് ക്വിന്റലിന്. 2360 രൂപയ്ക്കാണ് നെല്ലു സംഭരിക്കുന്നത്. കേരളത്തില്‍ കര്‍ഷകര്‍ക്ക് 1100മാസം പെന്‍ഷനുണ്ട്. എന്റെ നാടായ കരിവള്ളൂര്‍, പെരളം പഞ്ചായത്തില്‍ അവിടുത്തെ പഞ്ചായത്ത് നെല്ലുകര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് പതിനേഴായിരം രൂപ സബ്സിഡി നല്‍കുന്നുണ്ട്. ലേബര്‍ സബ്സിഡി. ഇതൊന്നും മറ്റൊരു സംസ്ഥാനത്തും കാണാത്ത തരത്തിലുള്ള നയങ്ങളാണ്.

പിന്നെ സഹകരണ മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് കേരളത്തില്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമികൊടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് വീടുനല്‍കാന്‍ ശ്രമം നല്‍കുന്നുണ്ട്. ലൈഫ് പദ്ധതിപോലുള്ളവയിലൂടെ. കേരളത്തില്‍ തീരെ പ്രശ്നങ്ങളില്ല എന്നു ഞാന്‍ പറയില്ല. പക്ഷേ കേരളത്തിലേതൊരു സെന്‍സിറ്റീവ് സര്‍ക്കാറാണ്. ഈ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് കര്‍ഷകര്‍ക്കുവേണ്ടി റിലീഫ് കൊടുക്കാനുള്ള ശ്രമം അവിടുത്തെ സര്‍ക്കാര്‍ തീര്‍ച്ചയായും ചെയ്യുന്നുണ്ട്. കര്‍ഷക സംഘടനകള്‍ പറയുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും അത് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കാനും സര്‍ക്കാര്‍ തയ്യാറാണ്.

ത്രിപുര, പശ്ചിമബംഗാള്‍ എന്നിങ്ങനെയുള്ള സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വളരെ വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളായ, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇത്രയും വലിയ കര്‍ഷക പോരാട്ടങ്ങള്‍ നടന്നത്. ഇതിനെ എങ്ങനെയാണ് കാണുന്നത്?

ത്രിപുരയില്‍ അടുത്തകാലത്ത് തെരഞ്ഞെടുപ്പു തോല്‍വിയുണ്ടായിരുന്നു. അത് വലിയ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടും പണമൊഴിക്കിയതുകൊണ്ടുമൊക്കെയാണ്. മണി ആന്റ് മസില്‍ പവര്‍ യൂസ് ചെയ്തും അവിടുത്തെ സെപ്പറേറ്റിസ്റ്റ് ഗ്രൂപ്പുമായിട്ട് അലയന്‍സുണ്ടാക്കിയുമാണ് ഇവര്‍ നേടിയത്.

പക്ഷേ ഈ സമരം അവരുടെ ശക്തികേന്ദ്രങ്ങളിലോട്ടാണ് നമ്മളിപ്പോള്‍ കൊണ്ടുപോകുന്നത്. അവിടെയൊക്കെ ബി.ജെ.പിയ്ക്കെതിരെ, ബി.ജെ.പിയുടെ പാരജയത്തിനുവേണ്ടി ഒരു അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് നമ്മള്‍ ഈ സമരം കൊണ്ട് സാധിക്കുന്നത്. അതു മാത്രമല്ല കര്‍ഷക സമരങ്ങളില്‍ ഒരു ഇഷ്യൂബേസ് യൂണിറ്റിയുണ്ടാവുകയാണ്. കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയും വര്‍ഗീയ ശക്തികള്‍ക്കെതിരെയുമുള്ള ഒരു ഐക്യം ഇന്ത്യയിലൊട്ടാകെ ഉണ്ടാക്കുകയാണ്.

ഭൂമി ആന്തോളനില്‍ 300ലധികം സംഘടനകളുണ്ട്. അതൊരുതരം ഐക്യം. അതുകൂടാതെ ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ രണ്ട് ഡിമാന്റ് മുന്നോട്ടുവെച്ചുകൊണ്ടാണ് മുന്നോട്ടുവന്നത്. ഒന്ന് കടാശ്വാസം, രണ്ട് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുകയെന്നത്. ജന്‍ രക്ഷാ ജന്‍ അധികാര്‍ ആന്തോളന്‍ ഇടുതപക്ഷ വര്‍ഗ സംഘടകളും അതുകൂടാതെ ബഹുജന സംഘടനകളും നര്‍മ്മദാ ബചാവോ ആന്തോളന്‍ പോലുള്ള പീപ്പിള്‍സ് മൂവ്മെന്റൊക്കെ ഇവിടെയുണ്ട്. ഇതൊക്കെ ചേര്‍ന്ന് വലിയ രീതിയില്‍ നവ ഉദാരവത്കൃത നയങ്ങള്‍ക്കെതിരെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒരു മുന്നേറ്റം സൃഷ്ടിക്കുകയാണ്.

2019 ഈ ഗവണ്‍മെന്റിനെ, ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷകവിരുദ്ധ സര്‍ക്കാറിനെ തോല്‍പ്പിക്കുകയെന്നതാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനു മുമ്പ് എന്തൊക്കെയോ വാഗ്ദാനങ്ങളാണ് നല്‍കിയത്. ഒന്നും അവര്‍ നടപ്പിലാക്കിയില്ല. തിരിച്ചടി അവര്‍ നേരിടും. സമരം നടന്നുകൊണ്ടിരിക്കുന്നു. രാജസ്ഥാനില്‍, മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു വരുന്നുണ്ട്. ഈ സമരങ്ങള്‍ ബി.ജെ.പിയുടെ പരാജയത്തിനുവേണ്ട ഒരു അന്തരീക്ഷം ഇത് സൃഷ്ടിക്കുന്നുണ്ട്.

ബംഗളുരുവിലെ കോളജിലെ ജോലി ഉപേക്ഷിച്ചാണ് താങ്കള്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിറങ്ങിയത്. എന്തായിരുന്നു ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍?

ഞാന്‍ സ്റ്റുഡന്റ്സ് മൂവ്മെന്റിലുണ്ടായിരുന്നു. ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായിരുന്നു. ബംഗളുരുവില്‍ സെന്റ് ജോസഫ് കോളജില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ടുമെന്റ് ആയിരുന്നു. പക്ഷേ അപ്പോഴും സീജവമായിട്ടു തന്നെ രാഷ്ട്രീയമായി ആക്ടീവായിരുന്നു. എന്റെ പി.എച്ച്.ഡിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. കാര്‍ഷികമേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സെക്ഷന്‍. അതുമായിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു.

അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പഠിപ്പിക്കല്‍ വലിയ ബുദ്ധിമുട്ടാണ്. ഇതൊരു 24 മണിക്കൂര്‍ ജോലിയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും യാത്ര ചെയ്യേണ്ടിവരും. ഒരു അധ്യാപകന്റെ ആദ്യ കമ്മിറ്റ്മെന്റ് വിദ്യാര്‍ഥികളോടാണ്. അപ്പോള്‍ രണ്ടും ഒന്നിച്ച് ഏറ്റെടുത്താല്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല. അതുകൊണ്ടാണ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ചരിത്രപരമായി വലിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഇടമാണ് കരിവള്ളൂര്‍. കരിവള്ളൂരിന്റെ രാഷ്ട്രീയ പശ്ചാത്തലമാണോ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് അടുപ്പിച്ചത്?

തീര്‍ച്ചയായും അതൊക്കെ ഒരു ഘടകമാണ്. അതൊക്കെ പ്രചോദിപ്പിച്ച ഒന്നാണ്. യൂണിവേഴ്സിറ്റിയില്‍ ജോയിന്‍ ചെയ്തപ്പോള്‍ പോസ്റ്റ് മണ്ഡല്‍, ബാബറി മസ്ജിദ് മുമ്പുള്ള കാലഘട്ടത്തില്‍, വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധം വേണമെന്നു തോന്നിയപ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കു വരുന്നത്. അവിടുന്ന് പിന്നെ മറ്റു മൂവ്മെന്റുകളിലേക്കും തൊഴിലാളികളുടെ പ്രശ്നങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചു. അവരുടെ പഠിക്കാനും കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ശ്രമിച്ചു. നവ ഉദാരവത്കരണ നയങ്ങള്‍ കര്‍ഷകരെ എങ്ങനെ ബാധിച്ചുവെന്നതായിരുന്നു പി.എച്ച്.ഡിക്ക് എന്റെ വിഷയം. അപ്പോള്‍ കര്‍ഷകരുടെ ഇടയില്‍ രണ്ടുകൊല്ലത്തോളം ഈ ഫീല്‍ഡില്‍ പോയി താമസിച്ച് അവരോട് ഇന്ററാക്ട് ചെയ്ത് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയതാണ്.

ഗുജറാത്തിലെ ഉനയില്‍ നടന്ന സമരത്തില്‍ തുടക്കത്തില്‍ താങ്കള്‍ പങ്കെടുത്തിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത്.

ഒന്ന്, ഉനയിലെത് ഒരു ചരിത്രപരമായ സമരമാണ്. അത് ജിഗ്‌നേഷ് മെവാനിയുള്‍പ്പെടെയുള്ള അവിടുത്തെ ദളിത് സമുദായം ഉണ്ടാക്കിയെടുത്ത പോരാട്ടമായിരുന്നു. ആ ഒരു പോരാട്ടത്തിന് കര്‍ഷക സംഘത്തിന്റെ ഐക്യദാര്‍ഢ്യം എന്നുള്ള രീതിയിലാണ് പങ്കെടുത്തത്.

ഇപ്പോള്‍ 20, 21ന് ദല്‍ഹിയിലൊരു പരിപാടിയുണ്ട്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ. ഭൂമി അധികാര്‍ ആന്തോളന്‍ സംഘടിപ്പിക്കുന്നത്. ജിഗ്‌നേഷ് മെവാനിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ഫ്രീയാണെങ്കില്‍ പങ്കെടുക്കും.

ഇതൊരു വിശാലമായ ഐക്യമാണ്. ഈ ജനദ്രോഹ സര്‍ക്കാറിനെ തോല്‍പ്പിക്കണം. അതില്‍ നമുക്ക് ഒരേ അഭിപ്രായമാണോ എങ്കില്‍ നമ്മള്‍ ഒരുമിക്കണം. ജിഗ്‌നേഷ് മേവാനി മാത്രമല്ല, മതേതര ജനാധിപത്യ സംഘടനകളുടെ വിശാലമായ ഒരു ഐക്യം ആവശ്യമാണ്. ശത്രു വളരെ ശക്തനാണ്. നമുക്ക് ഒറ്റയ്ക്ക് അതിനെ തോല്‍പ്പിക്കാന്‍ പറ്റണമെന്നില്ല. നമ്മള്‍ മാത്രം എന്നു പറയുമ്പോള്‍ കര്‍ഷകര്‍ മാത്രം കര്‍ഷകര്‍ക്കുവേണ്ടി ഫൈറ്റ് ചെയ്യാന്‍ പറ്റും എന്നല്ല. പ്രശ്നാധിഷ്ഠിതമായ വിശാലമായ ഐക്യം ശക്തിപ്പെടണം.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more