ന്യൂദല്‍ഹി: കാര്‍ഷിക നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വന്നാല്‍ കര്‍ഷക സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്). തങ്ങളോ കര്‍ഷകരോ സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എ.ഐ.കെ.എസ് നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ ഇനിയും തിരിച്ചു വന്നേക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ലെന്നും ഒരടി പിറകോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്നായിരുന്നു തോമര്‍ പറഞ്ഞത്.
‘ഒരടി പുറകോട്ട് വെച്ച് രണ്ടടി മുന്നോട്ട് വെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കും,’ കൃഷ്ണപ്രസാദ് പറഞ്ഞു.
നരേന്ദ്ര സിംഗ് തോമറിന്റെ പ്രതികരണം കര്‍ഷക വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഒന്നും കെട്ടടങ്ങിയിട്ടില്ലെന്നും കര്‍ഷകര്‍ ഇനിയും ആക്രമിക്കപ്പെട്ടേക്കാമെന്ന് ആശങ്ക തങ്ങള്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള അതൃപ്തി പ്രകടമാക്കിയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കാര്‍ഷിക നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ലെന്നും തോമര്‍ പറഞ്ഞു.
ഇതിന് പിന്നാലെ കര്‍ഷകര്‍പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.