| Wednesday, 20th February 2019, 8:07 pm

പൊലീസ് ഭീഷണി വക വെക്കാതെ മുന്നോട്ട്; ആയിരക്കണക്കിന് കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്നെന്ന് കിസാന്‍ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ച് ഇന്ന് ആരംഭിക്കും. അനുമതി നിഷേധിച്ചും സമരക്കാരെ കസ്റ്റഡിയിലെടുത്തും ലോങ് മാര്‍ച്ചിനെ തടയാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങളെ അവഗണിച്ചു കൊണ്ടാണ് കര്‍ഷകര്‍ രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കംകുറിക്കുന്നത്.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞെന്നും എന്നാല്‍ ആയിരക്കണക്കിന് കര്‍ഷകരിപ്പോള്‍ നാസിക്കില്‍ നിന്നും പുറപ്പെട്ടെന്നും കിസാന്‍ സഭാ നേതാക്കള്‍ അറിയിച്ചു.

എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നും കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.

Read Also : എസ്.ബി.ഐ. ജീവനക്കാരന്റെ ആത്മഹത്യ;  അസ്വസ്ഥതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെയാണ് നേരത്തെ പൊലീസ് തടഞ്ഞത്. കര്‍ഷകര്‍ ഒത്തുകൂടിയ മുംബൈയിലെ മൈതാനത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമരവുമായി മുന്നോട്ടുതന്നെ പോകുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ നിലപാട്.

കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ദല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് നാസിക്-മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

We use cookies to give you the best possible experience. Learn more