ഇന്ത്യയിലെ വര്‍ഗീയതയെക്കുറിച്ചും മതപരതയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുകയാണ് ഐജാസ് അഹമ്മദ്. അതിന്റെ ഭാഗമായി ഭൂരിപക്ഷ വര്‍ഗീയതയുടെ ഹിംസാത്മക ഇടപെടലുകളെപ്പറ്റിയും മനുസ്മൃതി കത്തിച്ചതിലൂടെ അംബേദ്കര്‍ നല്‍കിയ ബ്രാഹ്മണിക്കല്‍ അധികാരഘടനക്കെതിരായ കൃത്യമായ താക്കീതുകളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു. ഐജാസ് അഹമ്മദിന്റെ വിജയ് പ്രഷാദുമായുള്ള ദീര്‍ഘമായ സംഭാഷണമുള്‍ക്കൊള്ളുന്ന പുസ്തകമായ Nothing Human is Alien to Me യിലെ ഒരു ഭാഗമാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്
(അന്തരിച്ച പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദുമായി നേരത്തെ നടത്തിയ അഭിമുഖം)
സമകാലീന മാര്‍ക്സിസ്റ്റ് ചിന്തകരില്‍ മുന്‍നിരയിലാണ് ഐജാസ് അഹമ്മദിന്റെ ഇടം. ഫാസിസത്തിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരന്‍. കോളനിയനന്തരകാലത്തെയും ദേശീയതാസങ്കല്പങ്ങളെയും സാഹിത്യത്തെയുമെല്ലാം കുറിച്ചുള്ള കൂടുതല്‍ സൈദ്ധാന്തിക ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന ഒന്നായി ഐജാസ് അഹമ്മദിന്റെ ധൈഷണിക ഇടപെടലുകള്‍ മാറി. ഉത്തരാധുനിക വ്യവഹാരത്തിന്റെ ഏറ്റവും ശക്തനായ വിമര്‍ശകരിലൊരാളാണ് അദ്ദേഹം. മാധ്യമപ്രവര്‍ത്തകനും മാര്‍ക്സിസ്റ്റ് ചരിത്രകാരനുമായ വിജയ് പ്രഷാദ് ഇന്ത്യന്‍ വര്‍ഗീയതയെക്കുറിച്ചും മതപരതയെക്കുറിച്ചും ഐജാസ് അഹമ്മദുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.
ഐജാസ് അഹമ്മദ്
വിജയ് പ്രഷാദ്: അയോധ്യ സംഭവത്തിനുശേഷം ആര്‍.എസ്.എസ്സിനെക്കുറിച്ച് താങ്കളെഴുതിയ ലേഖനങ്ങള്‍ ഇന്ത്യയെക്കുറിച്ച് മാത്രമല്ല മറ്റ് മൂന്നാം ലോകരാജ്യങ്ങളെക്കുറിച്ചു കൂടിയുള്ള താങ്കളുടെ വിപുലമായ വായനയില്‍നിന്നു കരുപ്പിടിപ്പിക്കപ്പെട്ടതാണ്. നമ്മുടെ സമൂഹത്തിലെ ഭരണവര്‍ഗം ഒരു നിയന്ത്രണത്തിനും വഴങ്ങിക്കൊടുക്കാത്ത ഒന്നായിത്തീരുന്നതിനെയും ജനാധിപത്യസംസ്‌കാരത്തെയും പൊതു മര്യാദകളെയുമെല്ലാം ഇകഴ്ത്തിക്കാട്ടുന്നതിനെയും കുറിച്ച് ‘അയോധ്യയുടെഅവശേഷിപ്പുകള്‍’ എന്ന ലേഖനത്തില്‍ താങ്കള്‍ സൂചിപ്പിച്ചിരുന്നു. അവരുടെ പാര്‍ട്ടികള്‍ രാഷ്ട്രീയ സംസ്‌കാരത്തെ അവജ്ഞയോടെയാണ് കാണുന്നത്. ആര്‍.എസ്.എസ്സും ഇടതുപക്ഷവുമാണ് സവിശേഷതരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നതെന്നും, അതേസമയം ആര്‍.എസ്.എസ് നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും മോശപ്പെട്ട വശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും താങ്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെക്കുറിച്ച് കുറച്ച് വിശദീകരിക്കാമോ?
ഐജാസ് അഹമ്മദ്: ഇന്ത്യയിലെ വര്‍ഗീയതയെക്കുറിച്ചും രാഷ്ട്രീയമതപരതയെക്കുറിച്ചും ഞാന്‍ എഴുതാന്‍ തുടങ്ങുന്നത് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ അത്തരം പരിവര്‍ത്തനങ്ങളെക്കുറിച്ച് ഏകദേശം 20 വര്‍ഷത്തോളം പഠിച്ചതിനുശേഷമാണ്. ഇടതു പക്ഷത്തിന്റെയും മതനിരപേക്ഷ അറബ് ദേശീയതയുടെയും പരാജയത്തെ തുടര്‍ന്നുണ്ടായ വിടവ് നികത്താന്‍ ഒന്നിനുപിറകെ മറ്റൊന്നായി ഓരോയിടത്തും ഇസ്‌ലാമിസം ഉയര്‍ന്നുവന്നു. ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റുകാരെ അരുംകൊല ചെയ്യാന്‍ സുഹാര്‍തോയുടെ സേനയുടെ മുഖ്യകൂട്ടാളികളായിരുന്നു ഇസ്‌ലാമിസ്റ്റ് സംഘടനകള്‍.
ഹെസ്ബൊല്ലയുടെയും അമലിന്റെയും സമയത്ത് ലെബനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമൂഹികാടിത്തറ ദക്ഷിണ ലെബനനിലെ ഷിയാ കര്‍ഷകസമൂഹമായിരുന്നുവെന്ന് ഇപ്പോള്‍ പലരും മറന്നുപോയിരിക്കുന്നു. ‘മരുഭൂമി ഇസ്‌ലാം’ (Desert Islam) എന്ന് ഞാന്‍ വിളിക്കുന്ന വഹാബിസത്തിന്റെയും സൗദി അറേബ്യയുടെയും ഉയര്‍ച്ച നാസറിന്റെ പതനത്തോട് നേരിട്ടും അറബ് ദേശീയതയുടെ പതനത്തോട് പൊതുവായും ആനുപാതികമായിരുന്നു.
1948ല്‍ ഇറാനിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അതേവര്‍ഷം ബ്രിട്ടീഷ് കോണ്‍സല്‍ അയാളുടെ വിദേശകാര്യാലയത്തിലേക്കയച്ച ഒരു രഹസ്യക്കുറിപ്പില്‍ വിപ്ലവം കൂടാതെ തെരഞ്ഞെടുപ്പിലൂടെത്തന്നെ ഇറാനിയന്‍ കമ്യൂണിസ്റ്റുകള്‍ക്ക് (Tudeh Communist Party of Iran) അധികാരത്തിലേക്കെത്താനാകുമെന്ന് പറയുന്നുണ്ട്. 1953ല്‍ ദേശീയവാദികളെ അട്ടിമറിച്ചതിനുശേഷം സി.ഐ.എ., സവക് (SAVAK) എന്ന ഇറാനിയന്‍ രഹസ്യവിഭാഗത്തെ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഈ സവക്കുകളാണ് കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യുന്നത്. നാടുകടക്കുകയോ ഒളിവില്‍ പോവുകയോ ചെയ്ത ചുരുക്കം ചില കമ്യൂണിസ്റ്റുകാരൊഴികെ എല്ലാവരും കൊല്ലപ്പെട്ടു.
ആ വിടവ് നികത്താന്‍ കടന്നുവരുന്നത് ഇസ്‌ലാമിസ്റ്റുകളാണ്. മതേതര ബാത്തിസ്റ്റ് ഭരണകൂടത്തെ അമേരിക്കക്കാര്‍ തകര്‍ത്തതിനുശേഷം ഇസ്‌ലാമികവാദികളുടെയും വംശീയ-ദേശീയവാദികളുടെയും ഒരു കൂട്ടമാണ് അധികാരത്തിലേക്കുയര്‍ന്നുവന്നത്. മതേതര ഇടതുപക്ഷവും മതാധിഷ്ഠിത വലതുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത് ദേശീയതയുടെ ഭൂമികയിലാണ്. മതേതര അറബ് ദേശീയതയുടെ പതനത്തിനുശേഷം പ്രതിലോമസ്വഭാവമുള്ള പാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ന്നുവരുന്നു.
സമീപകാലത്ത് സ്വതന്ത്രരായ സമൂഹങ്ങളെ സംബന്ധിച്ചും അതുപോലെ സാമ്രാജ്യത്വത്തിന്റെ കാലത്തും ദേശീയതയെന്നത് ഒരു വസ്തുനിഷ്ഠമായ ആവശ്യകതയാണ്. മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തിനും അത് വസ്തുനിഷ്ഠമായ ആവശ്യകതയാണ്. കാരണം, ആ പരിവര്‍ത്തനം വളരെ വേദനാജനകമായ പ്രക്രിയയായതിനാല്‍ത്തന്നെ സമൂഹം ഛിന്നഭിന്നമാകുന്നത് തടയാന്‍ അതിനെ ദൃഢീകരിക്കുന്ന ഒന്നായി ദേശീയത മാറുന്നു. ഇവിടേക്ക് കടന്നുവരാന്‍ മതേതര ഇടതു പക്ഷം പരാജയപ്പെടുകയാണെങ്കില്‍ മതാധിഷ്ഠിത വലതുപക്ഷം ഈ ഇടം കൈയേറും.
വിജയ് പ്രഷാദ്: ക്രൂരതയുടെ സംസ്‌കാരത്തെക്കുറിച്ചാണ് നിങ്ങള്‍ ഇവിടെ പറയുന്ന രണ്ടാമത്തെ കാര്യം. മതാത്മകതയുടെ സര്‍വാധിപത്യരൂപങ്ങള്‍ നിറഞ്ഞ ഒരു സംസ്‌കാരത്തിനു പരിചിതമായത് സംഘപരിവാറിന്റെ രാഷ്ട്രീയവ്യവഹാരമാണെന്നും ജനങ്ങള്‍ക്ക് നവീനതയുടെ സാഹസത്തിന് ഊര്‍ജം പകരുന്ന പുതിയ പാതയൊരുക്കാന്‍ കഴിയാത്തത് അവരില്‍ വലിയൊരു വിഭാഗത്തെ പരിചിതമെന്നു തോന്നുന്ന കാര്യങ്ങളില്‍ത്തന്നെ അഭയം തേടാന്‍ നിര്‍ബന്ധിതരാക്കുമെന്നും നിങ്ങള്‍ പറയുന്നു. യാഥാസ്ഥിതികത പിറവിയെടുക്കുന്നത് സവിശേഷാധികാരത്തില്‍ നിന്നും ആ സവിശേഷാധികാരം സംരക്ഷിക്കാനുള്ള ഇച്ഛയില്‍ നിന്നും മാത്രമല്ലെന്നും, ഒരുപക്ഷേ വേദനയില്‍ നിന്നും ഭാവിയിലുണ്ടായേക്കാവുന്ന വേദനയെക്കുറിച്ചുള്ള ഭയത്തില്‍നിന്നുമായിരിക്കാമെന്നും നിങ്ങള്‍ പറയുന്നു.
വിജയ് പ്രഷാദ്
ഐജാസ് അഹമ്മദ്: ഫാസിസത്തിന് തൊഴിലാളികള്‍ക്കിടയിലുള്ള ബഹുജനാടിത്തറ വര്‍ഗപദവിയുമായി കെട്ടുപിണഞ്ഞതല്ല, മറിച്ച് വര്‍ഗപരവും ജാതിപരവുമായ പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളില്‍ മിനാരങ്ങള്‍ക്കു മുകളിലേക്ക് കയറിയ ആളുകളെ നോക്കൂ. ആരാണീ ആളുകള്‍? അവര്‍ ഏതു വര്‍ഗത്തില്‍പ്പെട്ടവരാണ്? അവര്‍ ഉന്നതവര്‍ഗത്തില്‍നിന്നോ ജാതിയില്‍നിന്നോ വരുന്നവരല്ല. മുതലാളിത്തത്തിന്റെയും ജാതിസമൂഹത്തിന്റെയും പരമമായ ഇരകളാണ് ആ മനുഷ്യര്‍.
ഇത്തരത്തില്‍ സ്വമേധയാ ചെയ്യുന്ന ഹിംസാത്മകപ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഒരു അധികാരഭാവം നല്‍കുന്നു. ഒപ്പം തങ്ങളുടെ ദുര്‍ബലാവസ്ഥ മറികടന്നതായുള്ള മിഥ്യാധാരണയും. അവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ മേന്മയുടെ പ്രകാശനമാണ്. കാരണം, മറ്റൊരുതരത്തിലും അന്തസ്സുതോന്നാനുള്ള മാര്‍ഗം അവര്‍ക്കുമുന്നിലില്ല.
ലുംപന്‍ തൊഴിലാളിവര്‍ഗത്തെയും കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലേറെയായി പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങളിലുള്ള അവരുടെ പങ്കിനെയും കുറിച്ചുള്ള ആലോചനകളില്‍ നിന്നാണ് മേല്‍പ്പറഞ്ഞ എന്റെ ചിന്ത വരുന്നത്. എങ്ങനെയാണ് പലപ്പോഴും സാധാരണ തൊഴിലാളികളെക്കാളും ദരിദ്രരായ ഈ ലുംപന്‍ തൊഴിലാളിവര്‍ഗം പ്രതിവിപ്ലവപ്രവര്‍ത്തനത്തിന്റെ വളമാകുന്നത്? എങ്ങനെയാണ് ആദിവാസികള്‍ ഗുജറാത്തില്‍ നടക്കുന്ന കൊലകളിലും ദളിതര്‍ 1984ല്‍ നടന്ന സിഖ്കൂട്ടക്കൊലകളിലും വലിയതരത്തില്‍ പങ്കാളികളാകുന്നത്?
നിങ്ങള്‍ നേരത്തെ ഉദ്ധരിച്ച ഖണ്ഡികയില്‍ അതെല്ലാമുണ്ട്. ഹിന്ദു എന്ന് വിളിക്കപ്പെടാനുള്ള അന്തസ്സ് അവര്‍ണര്‍ക്ക് നല്‍കപ്പെടുന്നതിനാല്‍ സംഘപരിവാരത്തിന് ഹിന്ദുയിസത്തിന്റെ പേരില്‍ ഇതെല്ലാം ഉപയോഗപ്പെടുത്താം. തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്നവരുടെ അന്തസ്സുയര്‍ത്തുന്നതിനായി ‘ദളിത്’ എന്നതിനുപകരം ‘ഹരിജന്‍’ എന്ന വാക്കുപയോഗിച്ച മഹാത്മാഗാന്ധിയുടെ വിചിത്രസ്വഭാവമുള്ള ആശയത്തിന്റെ ഹിംസാത്മകമായ രൂപമാണ് ഇത്.
വിജയ് പ്രഷാദ്: എന്നാല്‍ ഹിന്ദു എന്ന് വിളിക്കപ്പെടുന്നതിലൂടെ ആ വ്യക്തിക്ക് ആദരം ലഭിക്കുന്നു. വ്യത്യസ്തമായ എന്തെങ്കിലും കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന ഒരുകൂട്ടം സഖാക്കളുടെ ഭാഗമാകുന്നതിലൂടെ സമാനമായ ആദരം ലഭിക്കുകയെന്നതാണു പ്രതിവിധിയെങ്കിലും ഇത് വളരെ ബുദ്ധിമുട്ടാണ്. കാരണം ഇതിനു സംസ്‌കാരത്തില്‍ വേരുകളില്ല.
ഐജാസ് അഹമ്മദ്: അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ വലിയ പരാധീനത, ഒപ്പം ഇടതിന്റെ പരാജയത്തിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും നയിക്കുന്നതും നിങ്ങള്‍ ഒഴുക്കിനെതിരേ നീന്തുകയും സമൂലമായ മാറ്റത്തിനായി പോരാടുകയും ചെയ്യുകയാണ്. ഇറക്കുമതിചെയ്യപ്പെട്ട പ്രത്യയശാസ്ത്രം പിന്തുടരുന്ന, ആധികാരികമായി ഇന്ത്യക്കാരല്ലാത്ത ആളുകളായി നിങ്ങള്‍ എപ്പോഴും മുദ്രകുത്തപ്പെട്ടേക്കാം. മാര്‍ക്സിസവും കമ്യൂണിസവും പൗരാണികവേദങ്ങളില്‍നിന്നുള്ളതാണെന്ന് ഒരിക്കലും പറയാനാകില്ല. എന്നാല്‍ ഒരു സുപ്രീം കോടതി ജഡ്ജിക്കുപോലും ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നാണെന്ന് പറയാനാകും (ശരിക്കും സുപ്രീം കോടതി ജഡ്ജിമാരിലൊരാള്‍ അങ്ങനെ പറഞ്ഞിട്ടുപോലുമുണ്ട്).
പ്രതിസന്ധികള്‍ക്കെതിരായാണ് ഇടതുപക്ഷം വളരുന്നത്, പ്രതിസന്ധികള്‍ എല്ലാക്കാലത്തും ഇടതുപക്ഷത്തിനെതിരുമാണ്. വിശാലാര്‍ത്ഥത്തില്‍, മതാധിഷ്ഠിതമായ സമൂഹങ്ങളില്‍ ബഹുജനാടിത്തറയുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുകയെന്നതുതന്നെ വലിയ നേട്ടമാണ്, അത് എത്രതന്നെ ചെറുതാണെങ്കിലും. ആയിരക്കണക്കിന് ജനങ്ങളെ, ഇന്ത്യന്‍ സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകളെ സംഘടിപ്പിക്കുകയെന്നത് അസാമാന്യമായ നേട്ടമാണ്. നൂറ്റാണ്ടുകളായി ജാതിക്കെതിരേയുള്ള വെല്ലുവിളികളെ ബ്രാഹ്മണിസം ഇത്ര നന്നായി എങ്ങനെയാണ് അതിജീവിച്ചതെന്നത് ശരിക്കും ആശ്ചര്യപ്പെടുത്തുന്നതാണ്. വളരെ ദൃഢമായതും ചരിത്രപരമായി അടിത്തറയുള്ളതുമായ ആ അധികാരത്തിനെതിരേയാണ് കമ്യൂണിസം പ്രവര്‍ത്തിക്കുന്നത്.
ഐജാസ് അഹമ്മദ്: ഈ അര്‍ഥത്തില്‍, അംബേദ്കറാണ് ഏറ്റവും ഉള്‍ക്കാഴ്ചയുള്ള വിമര്‍ശകന്‍. എന്തെന്നാല്‍ അതിനുള്ളില്‍നിന്നുള്ള നവീകരണമല്ല, മറിച്ച്, അതിനെതിരായ കലാപമാണ് അനിവാര്യമെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതെ, തീര്‍ച്ചയായും. ഹിന്ദുയിസമെന്നത് പരിഷ്‌കരിക്കാനാകാത്തതാണെന്നും അതുകൊണ്ടുതന്നെ അത് തകര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ് മനുസ്മൃതി കത്തിച്ചതിലൂടെ അംബേദ്കര്‍ നല്‍കിയത്. സുവിര ജെയ്സ്വാള്‍ പറഞ്ഞതുപോലെ ഹിന്ദുയിസമെന്നത് ഓര്‍ത്തോഡോക്സിയല്ല ഓര്‍ത്തൊപ്രാക്സിയാണ് (യാഥാസ്ഥിതികവിശ്വാസമല്ല, മറിച്ച്, അതിന്റെ പ്രയോഗമാണ്).
വിശ്വാസങ്ങളുടെ കാര്യത്തില്‍ ഒരു വലിയ അളവില്‍ അയവുണ്ട്. എന്നാല്‍ പ്രയോഗത്തില്‍ ഈ അയവില്ല. ജെയ്‌സ്വാള്‍ ചൂണ്ടിക്കാണിക്കുന്നതെന്താണെന്നുവെച്ചാല്‍, ധര്‍മത്തിലധിഷ്ഠിതമായ ആധാരമായുള്ള ആചാരങ്ങളുടെ ഈ സുദൃഢ സ്വഭാവത്തിന്റെ കേന്ദ്രം ജാതിയാണെന്നാണ്. ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും സാമൂഹികസമത്വത്തെക്കുറിച്ചുള്ള കേവലമായ വിശ്വാസമെങ്കിലുമുണ്ട്. മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയിലെ വ്യവഹാരങ്ങള്‍ ഈ തത്ത്വത്തെ ലംഘിക്കുന്നുണ്ടാകാം. എന്നാല്‍ ഈ തത്വത്തിന്റെ വെളിച്ചത്തില്‍ ഒരു പ്രവര്‍ത്തനത്തെ വിലയിരുത്താനുള്ള വഴി എപ്പോഴും തുറന്നുകിടക്കുന്നുണ്ട്. ബ്രാഹ്മണികവ്യവസ്ഥയില്‍ സാര്‍വത്രികമായ സാമൂഹികസമത്വം എന്നൊരു തത്ത്വം പോലുമില്ല. ജാതിവ്യവസ്ഥയുടെ ശ്രേണികൃതമായ (hierarchical) ഘടന അത്തരത്തിലുള്ള എല്ലാ തത്ത്വങ്ങളെയും നിരാകരിക്കുന്നു.
വിജയ് പ്രഷാദ്: അവകാശവാദം നേരെ മറിച്ചുള്ളതാണ്. സാമൂഹികശ്രേണീവ്യവസ്ഥ ഊട്ടിയുറപ്പിക്കാനാണ് അത് വാദിക്കുന്നത്. അത് ഒന്നിനെയും വെല്ലുവിളിക്കുന്നില്ല.
ഐജാസ് അഹമ്മദ്: അതെ. പിന്നെ, വര്‍ണാശ്രമം വളരെ നല്ലതായിരുന്നെന്നും കാലാന്തരത്തില്‍ വക്രീകരിക്കപ്പെട്ടതാണെന്നും അതിന്റെ യഥാര്‍ഥ ചൈതന്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും വാദിക്കുന്ന ഗാന്ധി നമുക്കുമുന്നിലുണ്ട്. ഗാന്ധി ഒരേസമയം കലര്‍പ്പില്ലാത്ത ഒരു പരിഷ്‌ക്കര്‍ത്താവും സാമൂഹിക യാഥാസ്ഥിതികവാദിയുമാണ്. അദ്ദേഹത്തിനുപോലും വര്‍ണാശ്രമത്തിന്റെ പൂര്‍ണമായ നിരാകരണം അങ്ങേയറ്റം റാഡിക്കലായിരുന്നു. ശ്രേണീകൃതമായ സംസ്‌കാരം എത്രത്തോളം ആഴത്തിലേക്കു പോകുന്നുവെന്ന് നിങ്ങള്‍ക്കു കാണാം. ഇത്തരത്തിലുള്ള വിശ്വാസത്തിനും പ്രവൃത്തികള്‍ക്കും വിരുദ്ധമായ സമൂലമായ സമത്വത്തെക്കുറിച്ചാണ് ഇടതുപക്ഷം സംസാരിക്കുന്നത്. ഒഴുക്കിനെതിരേ നീന്തുകയെന്നതുകൊണ്ട് അതാണ് ഞാന്‍ ഉദ്ദേശിച്ചത്.
വിജയ് പ്രഷാദ്: 1990-കളിലെ നിരവധി ലേഖനങ്ങളില്‍, താങ്കള്‍ ക്രൂരതയുടെ സംസ്‌കാരം എന്നു പ്രയോഗിക്കുന്നുണ്ട്. അതിനെപ്പറ്റി പ്രതികരിക്കാമോ?
ഐജാസ് അഹമ്മദ്: യഥാര്‍ഥത്തില്‍ ‘ക്രൂരതയുടെ സംസ്‌കാരം’ എന്നപേരില്‍ ഒരു മുഴുനീളലേഖനം ഞാന്‍ എഴുതിയിരുന്നു. തികഞ്ഞ ലിംഗാതിക്രമത്തിന്റ പുറത്ത് ഓരോവര്‍ഷവും ഇന്ത്യയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ കൊല്ലപ്പെടുന്നു. പലപ്പോഴും അവരുടെ കുടുംബാംഗങ്ങളാല്‍ത്തന്നെ. മറ്റ് ആയിരക്കണക്കിനുപേര്‍ ഭര്‍ത്താവിനെയോ അവരുടെ കുടുംബാംഗങ്ങളെയോ അനുസരിക്കുന്നില്ല എന്നപേരിലും മതിയായ സ്ത്രീധനം കൊണ്ടുവന്നില്ല എന്ന കാരണത്താലും മര്‍ദിക്കപ്പെടുകയോ മുഖം വികൃതമാക്കപ്പെടുകയോ ചെയ്യുന്നു.
പ്രകടമായ വര്‍ഗപരവും ജാതീയവുമായ വിദ്വേഷത്തിന്റെ പുറത്ത് ഓരോവര്‍ഷവും ആയിരക്കണക്കിന് ദളിതര്‍ കൊല്ലപ്പെടുകയും അസംഖ്യം ദളിത് സ്ത്രീകള്‍ ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ലോകത്ത് വര്‍ഗീയപ്രചോദനങ്ങളുടെ പുറത്ത് കൊല്ലുന്നതും ബലാത്സംഗം ചെയ്യുന്നതും വളരെ എളുപ്പമാണ്. എന്റെ അഭിപ്രായത്തില്‍ വര്‍ഗീയലഹള, വിശിഷ്യാ മുസ്‌ലിം വിരുദ്ധ കലാപ ദൈനംദിന ക്രൂരതകളുടെ വിശാലമായ ശൃംഖലയുടെ ഒരു ഭാഗം മാത്രമാണ്.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിങ്ങളേക്കാള്‍ എത്രയോ അധികം ദളിതര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. എത്രയോ അധികം അമുസ്‌ലിം സ്ത്രീകള്‍ കൊല്ലപ്പെടുകയോ ബലാത്സംഗത്തിനിരയാവുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാത്തരത്തിലുമുള്ള ക്രൂരതകളുണ്ട്. ഫാസിസത്തിലേക്ക് തിരിയാന്‍ കരുത്തുള്ള ഒരേയൊരു സംഘടിതപ്രവണതയായതിനാല്‍ത്തന്നെ ഹിന്ദുവര്‍ഗീയത അതിശക്തമായി എതിര്‍ക്കപ്പെടണമെന്നു പറഞ്ഞ നെഹ്രു ശരിയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും ആര്‍.എസ്.എസ്സിനെക്കുറിച്ച് നമ്മള്‍ പൊതുവെ സംസാരിക്കുന്ന രീതിയില്‍ വളരെ തെറ്റായ ചിലതുണ്ടെന്ന് ഞാന്‍ കരുതുന്നു.
മുസ്‌ലിങ്ങള്‍ക്കെതിരായ അതിദാരുണമായ ക്രൂരതകളഴിച്ചുവിടുന്ന ഈയൊരു കൂട്ടമൊഴികെ സമൂഹത്തിലെ ബാക്കിയെല്ലാം മാന്യവും ഉദാരവും വളരെ ആധുനികവുമാണെന്ന തരത്തിലാണത്. മുസ്‌ലിങ്ങള്‍ക്കെതിരായ ഈ ക്രൂരതകളെ നമുക്കൊരു പരിപ്രേക്ഷ്യത്തിലേക്ക് കൊണ്ടുവരാം. ഹിന്ദു-മുസ്‌ലിം പ്രശ്നത്തെ ചുറ്റിപ്പറ്റി ഒരു ഉന്മാദാവസ്ഥ സൃഷ്ടിച്ച് ലിബറല്‍ ഹിന്ദുക്കളുടെ മനസ്സ് പിടിച്ചെടുക്കുകയാണ് ആര്‍.എസ്.എസ്സിനു വേണ്ടത്. കാരണം, ആരാണു മുസ്‌ലിങ്ങളെ ന്യായീകരിക്കുന്നത്? അത് ഇടതുപക്ഷക്കാരും ഹിന്ദുക്കളായി ജനിച്ച ലിബറലുകളുമാണ്.
ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വലിയ വികാരം സൃഷ്ടിക്കേണ്ടത് ആര്‍.എസ്.എസ്സിന്റെ ആവശ്യമാണ്. അങ്ങനെ ചെയ്യുന്നപക്ഷം മതന്യൂനപക്ഷങ്ങളുടെ തുല്യാവകാശങ്ങള്‍ക്കായി വാദിക്കുന്ന ഹിന്ദുക്കളായ ഇടതുപക്ഷക്കാരെയും ലിബറലുകളെയും ദേശവിരുദ്ധരും ഹിന്ദുവിരുദ്ധരുമായി ചിത്രീകരിക്കാന്‍ അവര്‍ക്കാകും. ഇതിലെല്ലാം സിയോണിസമാണ് ആര്‍.എസ്.എസ്സിന്റെ യഥാര്‍ഥ മാതൃക.
ഫലസ്തീനികളെ കൈകാര്യം ചെയ്യാനായി ഇസ്രയേലി സിയോണിസ്റ്റ് ഭീകരന്മാര്‍ക്ക് നാസിസം ഒരു യഥാര്‍ഥ മാതൃകയായതുപോലെ. എന്നിരുന്നാലും നിരാകരിക്കാനാകാത്ത മറ്റൊരു വശം കൂടി ഇതിനുണ്ട്. വര്‍ഗീയതയുടെ പ്രശ്നത്തിനുമേലുള്ള പൂര്‍ണമായ ശ്രദ്ധയില്‍ ദളിതരും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരായ അതിക്രമത്തിന് വേണ്ടത്ര ശ്രദ്ധലഭിക്കാതിരിക്കുന്ന പ്രവണതയുണ്ട്. ഈ ക്രൂരതകള്‍ ഒരു പ്രത്യേക പ്രതിലോമ ഫാസിസിസ്റ്റ് രാഷ്ട്രീയത്തോടുമാത്രം ബന്ധപ്പെട്ടതല്ല. നമ്മുടെ സമൂഹത്തിന്റെതന്നെ ഘടനാപരമായ സവിശേഷതയാണ്. നമ്മുടെ സമൂഹം തന്നെ ഇങ്ങനെയാണ്. ജാത്യതിക്രമം ഭാഗികമായി വര്‍ഗപരമാണ്. പക്ഷേ, ഭാഗികമായി ജാതിപരം മാത്രവുമാണ്. ആദിവാസികള്‍ക്കെതിരായ ക്രൂരതകളുമുണ്ട്. അവിടെനിന്നാണ് ക്രൂരതയുടെ സംസ്‌കാരം എന്ന പ്രയോഗത്തിന്റെ ഉദ്ഭവം.
വിജയ് പ്രഷാദ്: ദളിതര്‍ക്കെതിരായ ക്രൂരതയുള്‍പ്പെടുന്ന ‘ക്രൂരതയുടെ സംസ്‌കാര’ത്തിന്റെ ഭാഗമായല്ല, മറിച്ച് ദളിത് അവകാശവാദത്തോടുള്ള പ്രതികരണമായിട്ടാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്.
ഐജാസ് അഹമ്മദ്: അങ്ങനെയാണ് അത് അവതരിപ്പിക്കപ്പെടുന്നത്. പക്ഷേ, ചരിത്രപരമായി നോക്കൂ, ഇന്ത്യയിലെ വളരെ സ്വത്തിനുമേല്‍ ഉടമസ്ഥാവകാശമുള്ള വര്‍ഗങ്ങള്‍ക്കും (Indian Propertied classes) ഉന്നതജാതികള്‍ക്കും ഒരു ദളിത് സ്ത്രിയെ പീഡിപ്പിക്കുകയെന്നാല്‍ വളരെ നിസ്സാരമാണ്. അവര്‍ ബലാത്സംഗം ചെയ്യുന്ന സ്ത്രീ ദളിതാണോ മുസ്‌ലിമാണോ എന്നത് എന്തു വ്യത്യാസമാണ് അവരിലുണ്ടാക്കുന്നത്? ഇത് ഒരേ സ്‌പെക്ട്രത്തിന്റെ ഭാഗമാണ്. ഇതിനെ അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയം കേവലം വര്‍ഗീയവിരുദ്ധം മാത്രമായിരിക്കില്ല, മറിച്ച് വര്‍ഗീയവും ജാതീയവും ലിംഗപരവുമായ ഹിംസകളുടെ ഇരകള്‍ക്കുവേണ്ടി ആത്മാര്‍ഥമായ ഐക്യസമരമുയര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്നിക്കുന്നതായിരിക്കും. ക്രൂരതകളുടെ സംസ്‌കാരമെന്ന് ഞാന്‍ വിശേഷിപ്പിച്ച ആ ദേശീയ സാഹചര്യത്തിനെതിരായ സമരം.
വിവര്‍ത്തനം: നിതീഷ് നാരായണന്‍, ശില്‍പ ഷാജി
Content Highlight: Aijaz Ahmad – Vijay Prashad Interview | Communism, Sangh Parivar, Ambedkar, Left Politics