ന്യൂദല്‍ഹി:മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസാമിയെയും റിപ്പബ്ലിക് ചാനലിനെയും വീണ്ടും പരിഹസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നടന്‍ സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പരിഹാസവുമായി രാം ഗോപാല്‍ രംഗത്ത് എത്തിയത്.
ഇനി സി.ഐ.എയോ മൊസാദോ കേസ് അന്വേഷിക്കണമെന്ന് റിപ്പബ്ലിക് ചാനല്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് തോന്നുന്നതെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ പരിഹാസം.
സുശാന്തിന്റെ മരണം തൂങ്ങിമരണമാണെന്ന് എയിംസ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇന്ന് സി.ബി.ഐക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൂങ്ങിയതിന്റേത് അല്ലാതെ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നുമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
ജൂണ്‍ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആണ് എത്തിയത്. എന്നാല്‍ സുശാന്ത് കൊല ചെയ്യപ്പെട്ടതാണെന്ന് ഒരു വിഭാഗം ശക്തിയായി വാദിച്ചു.
ഇതിന് പിന്നാലെ അര്‍ണാബ് ഗോസാമിയടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ സുഷാന്തിന്റെ മരണം കൊലപാതകമാണെന്ന തരത്തില്‍ നിരന്തരം ചര്‍ച്ച സംഘടിപ്പിക്കുകയായിരുന്നു.
വാര്‍ത്താചര്‍ച്ചയ്ക്കിടയില്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനല്‍ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അര്‍ണബ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അര്‍ണാബിനെ കുറിച്ച് സിനിമയെടുക്കുകയാണെന്ന് രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
‘ദി ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്’ എന്നായിരുന്നു ചിത്രത്തിനിട്ട പേര്. അര്‍ണബിനെ വിശദമായി പഠിച്ച ശേഷം, ടാഗ് ലൈന്‍ ന്യൂസ് പിമ്പ് എന്നാണോ ന്യൂസ് പ്രോസ്റ്റിറ്റിയൂഡ് ആണോ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിറ്റിയൂഡ് മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തത്.