ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാക്‌സിന്‍ എല്ലാവര്‍ക്കുമെത്തിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും ഭീകരമായ ഒരു കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
”വലിയ എണ്ണത്തില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സീറോ-പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്ക് ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍ ഭാവിയില്‍ നമുക്കിത് ആവശ്യമായി വന്നേക്കാം. കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസ് എത്തിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കേണ്ടത്. അതിന്റെ എണ്ണം വര്‍ധിക്കും തോറും ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ കൂടുതല്‍ സുരക്ഷിതരാവും,” ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നിര്‍മാണത്തെക്കുറിച്ചെഴുതിയ ‘ഗോയിംഗ് വൈറല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിന്‍ എടുക്കാന്‍ ആളുകള്‍ മടിച്ചിരുന്ന സാഹചര്യമൊക്കെ മാറിയെന്നും വാക്‌സിനേഷന്‍ നിരക്ക് വര്‍ധിക്കുന്നുണ്ടെന്നും ഗുലേറിയ പറഞ്ഞു. അതുകൊണ്ടു തന്നെ ഇനി ഭീകരമായൊരു കൊവിഡ് തരംഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും മൂന്നാം തരംഗത്തിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രാദേശികമായി രോഗം ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നും എന്നാല്‍ ഒന്ന്, രണ്ട് തരംഗങ്ങളില്‍ കണ്ട പോലുള്ള ഒരു സാഹചര്യം ഇനി ഉണ്ടാവില്ലെന്നും ഗുലേറിയ പറഞ്ഞു.
കൊവിഡ് ബൂസ്റ്റര്‍ ഡോസിന്റെ കാര്യത്തില്‍ ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണ് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രതികരിച്ചത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനെക്കുറിച്ച് പുസ്തക രചയിതാവായ ഡോ. ബല്‍റാം ഭാര്‍ഗവ സംസാരിച്ചു. 20 കുരങ്ങുകളില്‍ പ്രാഥമികമായി ഈ വാക്‌സിന്‍ പരീക്ഷിച്ചതാണ് ഇതിന്റെ പ്രായോഗിക ഘട്ടത്തില്‍ നിര്‍ണായകമായതെന്ന് അദ്ദേഹം പറഞ്ഞു. ‘വാഴ്ത്തപ്പെടാത്ത നായകന്മാര്‍’ എന്നായിരുന്നു അദ്ദേഹം ആ കുരങ്ങുകളെ വിശേഷിപ്പിച്ചത്.