ശ്രോതാക്കളെ ലോകവുമായി ഒന്നിപ്പിക്കാന്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ 'ഇന്ത്യ 360'
India
ശ്രോതാക്കളെ ലോകവുമായി ഒന്നിപ്പിക്കാന്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ 'ഇന്ത്യ 360'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2014, 9:05 pm

[] ന്യൂദല്‍ഹി: ലോകത്തെ റേഡിയോ ശ്രോതാക്കളിലെത്തിക്കാനായി ഓള്‍ ഇന്ത്യ റേഡിയോ “ഇന്ത്യ 360” ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. വസ്തുകകളും ആഖ്യാനങ്ങളുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയായിരിക്കും “ഇന്ത്യ 360” എത്തുക.

റേഡിയോ ശ്രോതാക്കളെ ലോകവുമായി ബന്ധിപ്പിക്കാനാണ് ഈ പരിശ്രമം. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളുള്ള എല്ലാ രാജ്യങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും എ.ഐ.ആര്‍ ന്യൂസ് ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന ദത്ത പറഞ്ഞു.

ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത കാഴ്ചപ്പാടുകളെ രസകരമായി റേഡിയോ ഫോര്‍മാറ്റില്‍ ശ്രോതാക്കളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബിയായിരിക്കും റിപബ്ലിക് ദിനത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ അതിഥി.

എഫ്.എം ഗോള്‍ഡിലൂടെ പ്രക്ഷേപണം ചെയ്യുന്ന പരിപാടി 8 മുതല്‍ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളതായിരിയ്ക്കും.

ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ എക്‌സ്‌റ്റേണല്‍ പബ്ലിസിറ്റി ഡിവിഷനുമായി ചേര്‍ന്ന് ആഴ്ചയിലൊരിക്കല്‍ ഇംഗ്ലീഷിലായിരിക്കും പ്രക്ഷേപണം ചെയ്യുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലുടെ ഇതിനോടകം തന്നെ പരിപാടിയുടെ പ്രചരണം നടത്തി തുടങ്ങിയിട്ടുണ്ട്.

പരിപാടിയ്ക്ക് 3.5 ലക്ഷം ഫേസ്ബുക്ക് ലൈക്കാണ് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.