തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പള വര്‍ധനവില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടി അനുചിതമാണെന്ന് എ.ഐ.വൈ.എഫ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനും മറ്റ് ക്ഷേമ പെന്‍ഷനുകളും ഉള്‍പ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും ന്യായമായ വേതന വര്‍ധനവ് ആവശ്യപ്പെട്ട് കൊണ്ട് വിവിധ വിഭാഗക്കാര്‍ പ്രക്ഷോഭം നടത്തുന്ന അവസരത്തിലും കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് പ്രതികരിച്ചു.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ഉള്‍പ്പെടെ അര്‍ഹമായ വേതന വര്‍ധനവ് നല്‍കുവാന്‍ സാധിച്ചിട്ടില്ലെന്നും ഐ.ഐ.വൈ.എഫ് പറഞ്ഞു. ഈ സമയത്ത് ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നത് ആശങ്കയുളവാക്കുന്നുവെന്നും എ.ഐ.വൈ.എഫ് പ്രതികരിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാല് കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു.
ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ ഈ കടുത്ത തീരുമാനമെടുത്തത്. അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷവുമാക്കി. പെന്‍ഷനിലും വലിയ വര്‍ധനയുണ്ടാകുമെന്നാണ് വിവരം.
ചെയര്‍മാന്റെ പുതുക്കിയ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിന്റെ പരമാവധി തുകയ്ക്ക് തുല്യമായിരിക്കും. അംഗങ്ങളുടേത് ജില്ലാ ജഡ്ജിയുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിന്റെ പരമാവധി തുകയ്ക്കും തുല്യവുമായിരിക്കും.
ഇവര്‍ക്ക് നല്‍കിവരുന്ന ഡി.എ, വീട്ടുവാടക, സിറ്റിങ് ഫീ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും വര്‍ധനവുണ്ടാകും. ഭരണഘടനാ സ്ഥാപനമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്ന ആവശ്യം പി.എസ്.സി ഉന്നയിച്ചത്.
തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രണ്ടുപ്രാവശ്യം പ്രസ്തുത ശുപാര്‍ശ മാറ്റിവെച്ചിരുന്നു. ഇന്നലെ (ബുധന്‍)യാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിച്ചത്.
Content Highlight: AIFY won’t accept pay hike of psc members