| Tuesday, 20th March 2018, 5:43 pm

'വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി സി.പി.ഐ'; എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നാളെ കീഴാറ്റൂരിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ. നാളെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നാളെ കീഴാറ്റൂരിലെ സമരസ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിക്കും.

ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് നേതാക്കള്‍ സ്ഥലത്തെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എ.ഐ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ കീഴാറ്റൂരിലെത്തി സമരക്കാരെ കാണുന്നത്. നേരത്തെതന്നെ കീഴാറ്റൂരിലെ സമരത്തിന് അനുകൂലമായ സമീപനമാണ് സി.പി.ഐ നേതൃത്വം സ്വീകരിച്ചിരുന്നത്. സി.പി.ഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സമരത്തിന്റെ തുടക്കത്തില്‍ വയല്‍ക്കിളികളെ സന്ദര്‍ശിച്ചിരുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫ് നേതൃയോഗം തീരുമാനിച്ചത്. സി.പി.ഐ.എമ്മിന്റെ നിലപാടിന് വിരുദ്ധമായി വയല്‍ക്കിളികള്‍ക്ക് അനുകൂലമായി തുറന്ന സമീപനം സ്വീകരിക്കുന്നതിനുള്ള മുന്നോടിയായാണ് യുവജനപ്രസ്ഥാനത്തിന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ സമരപ്പന്തല്‍ കത്തിച്ചതിന് പിന്നാലെ താന്‍ വയലിനൊപ്പമാണെന്ന് പ്രഖ്യാപിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും രംഗത്ത് വന്നിരുന്നു.

We use cookies to give you the best possible experience. Learn more