ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന് അര്‍ജന്റീന ഇന്ത്യയെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ എ.ഐ.എഫ്.എഫ് പിന്മാറിയെന്നും റിപ്പോര്‍ട്ട്. ഉയര്‍ന്ന ചെലവ് കാരണമാണ് ലോക ചാമ്പ്യന്മാരെ ആതിഥേയത്വം വഹിക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 12നും 20നും ഇടയില്‍ അര്‍ജന്റീനക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേന്ത്യന്‍ ടീമുകളുമായി സൗഹൃത മത്സരം കളിക്കാനായിരുന്നു അര്‍ജന്റീനക്ക് താത്പര്യം.
ഇതിനായി ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് അര്‍ജന്റീന തെരഞ്ഞെടുത്തത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഷാജ് പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല. അത്തരമൊരു മത്സരം ഇവിടെ സംഘടിപ്പിക്കണമെങ്കില്‍ ശക്തമായ പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. സൗഹൃദ മത്സരം കളിക്കുന്നതിനായി അര്‍ജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. ഫുട്‌ബോളിലെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്,’ ഷാജി പ്രഭാകരന്‍ പറഞ്ഞു.