ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരായ നോക്കൗട്ട് മത്സരത്തില്‍ കളി തീരും മുമ്പേ കളം വിട്ടതിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് കോടി രൂപ പിഴ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്‌സിന് പിഴ ഈടാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.ഐ.എഫ്.എഫ് ഡിസിപ്ലിനറി കോഡിലെ 56 ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി. ചട്ടപ്രകാരം ഏറ്റവും കുറഞ്ഞത് ആറ് ലക്ഷം രൂപ ഫൈനോ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കുകയോ ഭാവി മത്സരങ്ങള്‍ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. ബ്ലാസ്‌റ്റേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്നോ തുടര്‍ മത്സരങ്ങളില്‍ നിന്നോ വിലക്കാന്‍ സാധ്യതയില്ലെങ്കിലും പിഴ ഈടാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അച്ചടക്ക ചട്ടം ലംഘിച്ചതിന് എ.ഐ.എഫ്.എഫ് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിതെന്നും നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചത് ന്യായീകരിക്കാനാകാത്ത കാര്യമാണെന്ന് എ.ഐ.എഫ്.എഫ് അഭിപ്രായപ്പെട്ടു. താരങ്ങള്‍ ഗ്രൗണ്ട് വിട്ട് 20 മിനിട്ടുകള്‍ പിന്നിട്ടതിന് ശേഷമാണ് റഫറി കളി അവസാനിപ്പിച്ചതെന്നും ഈ സമയത്തിനുള്ളില്‍ കോച്ച് ഇവാന്‍ വുകമനോവിച്ചിനെ തിരുത്താന്‍ കെ.ബി.എഫ്.സി തയ്യാറായില്ലെന്നും എ.ഐ.എഫ്.എഫ് കണ്ടെത്തി. നടപടിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് അപ്പീല്‍ പോകാന്‍ സാധിക്കും.
അതേസമയം, ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഗോള്‍ കേരള ഗോള്‍ കീപ്പര്‍ പ്രബുഷ്ഖന്‍ സിങ് ഗില്‍ തയ്യാറാകുന്നതിന് മുമ്പ് സുനില്‍ ചേത്രി സ്‌കോര്‍ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടത്. മത്സരത്തിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ വിവാദ ഗോള്‍ പിറന്നത്.
മത്സരത്തില്‍ റഫറിയുടെ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് ചേത്രി എടുത്ത ഷോട്ട് ഗോളാക്കാനാകില്ലഎന്നാരോപിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം വക വെക്കാതെ അധികൃതര്‍ ബെംഗളൂരുവിനെവിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: AIFF may fine Kerala Blasters Rs six crore for walkout