ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോഴിക്കോട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു പരാമര്‍ശിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രമേയം വിവാദത്തില്‍. ഇന്നലെ കോഴിക്കോട് നടന്ന അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണു വിവാദ പരാമര്‍ശമുള്ളത്.
പ്രമേയത്തില്‍ പറയുന്നതിങ്ങനെ: ‘പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പള്ളത് എട്ടും പതിനൊന്നും വയസുള്ള ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.’
പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നതാണു പ്രമേയത്തിലെ പ്രധാന ആവശ്യം. എന്നാല്‍ പ്രമേയത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇരുവരുടെയും മരണം കൊലപാതകമാണെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് മുഖ്യ ഭരണകക്ഷിയായ സി.പി.ഐ.എമ്മിന്റെ ഭാഗമായ വനിതാ സംഘടന മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പ്രമേയം അവതരിപ്പിച്ചത്.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നു ജനാധിപത്യ മഹിളാ അസോസിയേഷന് തീര്‍ച്ചപ്പെടുത്തിയത് എങ്ങനെയാണെന്നു ചോദിക്കുന്ന തരത്തില്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു.
അതിനിടെ സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മരണം എന്നു മാത്രം രേഖപ്പെടുത്തിയതും ഏറെ വിവാദമായി.
തുടക്കം മുതല്‍ മരണം കൊലപാതകമാണെന്ന വാദം ശക്തമായിരിക്കെയാണ് പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കു ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നതാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മൂത്തകുട്ടിയുടെ മരണസമയത്ത് സംഭവസ്ഥലത്തു നിന്നും മുഖംമൂടിയ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായി സഹോദരിയായ ഒമ്പത് വയസ്സുകാരി അന്നു തന്നെ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അത് മൊഴിയായി രേഖപ്പെടുത്തിയില്ല.
തൂങ്ങിയ നിലയില്‍ കാണപ്പെട്ട മൂത്തകുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി നഖപ്പാടുകളും മറ്റും കണ്ടിരുന്നു എന്നും കുട്ടി ഉപയോഗിച്ചിരുന്ന നാപ്കിന് വീടിനകത്ത് തെറിച്ചുകിടക്കുന്നതായി കണ്ടുവെന്നും പരിസരവാസികളില്‍ ചിലര്‍ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ പ്രമേയവും സി.പി.ഐ.എമ്മിന്റെ വാര്‍ത്താക്കുറിപ്പും പുറത്തിറങ്ങിയത്.