| Wednesday, 10th July 2024, 9:24 am

ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏയ്ഡ്‌സ് പടരുന്നു; 828 പേര്‍ക്ക് രോഗം, 47 മരണം; വില്ലന്‍ ലഹരി, ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ബി.ജെ.പി ഭരിക്കുന്ന ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏയ്ഡ്‌സ് പടര്‍ന്നുപിടിക്കുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏയ്ഡ്‌സ് പടര്‍ന്നുപിടിക്കുന്നത്. നിലവില്‍ 828 പേര്‍ എച്ച്.ഐ.വി പോസിറ്റിവാണെന്നും 47 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നുമുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

‘ഇതുവരെ 828 വിദ്യാര്‍ഥികള്‍ എച്ച്.ഐ.വി പോസിറ്റീവായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീകരമായ അണുബാധ മൂലം 47 പേര്‍ക്ക് ജീവന്‍ നഷ്ടമായി’ -ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടി.എസ്.എ.സി.എസ്) അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞരമ്പുകളില്‍ ലഹരി മരുന്നുകള്‍ കുത്തിവെക്കുന്നതിലൂടെയാണ് എച്ച്.ഐ.വി അണുബാധ പടരുന്നത്. ലഹരി മരുന്ന് കുത്തിവെക്കുന്നതിനായി ഒരാള്‍ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് വൈറസ് പടരാന്‍ കാരണം. സംസ്ഥാനത്തെ 164 ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നായാണ് വിവരം ശേഖരിച്ചത്.

സംസ്ഥാനത്തെ 220 സ്‌കൂളുകളിലെയും 24 കോളജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പലപ്പോഴും ദിവസേന അഞ്ച് മുതല്‍ ഏഴ് വരെ പുതിയ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സമ്പന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ് രോഗം ബാധിച്ചവരില്‍ അധികവും. ഇതില്‍ പലരുടെയും മാതാപിതാക്കള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണ്. മക്കളുടെ ലഹരി ഉപയോഗം വളരെ വൈകിയാണ് ഇവര്‍ അറിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനത്ത് 2024 മെയ് വരെ 8,729പേരെ ആന്റിറെട്രോവൈറല്‍ തെറാപ്പി (എ.ആര്‍.ടി) സെന്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 5,674 പേരാണ് എച്ച്.ഐ.വി ബാധിതരായുള്ളത്. ഇതില്‍ 4,570 പേര്‍ പുരുഷന്‍മാരും 1,103 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീകരമാംവിധം രോഗം പടരുമ്പോഴും അത് തടയാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിലാണെന്ന് നിലവിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2018ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ആരോഗ്യമേഖലക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല എന്ന പരാതികളും ശക്തമാണ്. പല സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാര്‍ പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: AIDS spreads among students in Tripura; 828 people got sick and 47 died

Latest Stories

We use cookies to give you the best possible experience. Learn more