| Monday, 23rd May 2016, 1:48 pm

എയ്ഡ്‌സിനെ കൈപ്പിടിയിലൊതുക്കാനൊരുങ്ങി വൈദ്യശാസ്ത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എയ്ഡ്‌സ് രോഗത്തെ കൈപ്പിടിയിലാക്കാനൊരുങ്ങി വൈദ്യശാസ്ത്രലോകം. ഭീതിയോടെ ലോകം കാണുന്ന എയ്ഡ്‌സിന് കാരണമായ എച്ച്.ഐ.വി (ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ്) വൈറസ് ഡി.എന്‍.എയെ ഒരു ജീവിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്നതില്‍ ശാസ്ത്രലോകം വിജയിച്ചിരിക്കുകയാണ്. തങ്ങളുടെ മോളിക്കുലര്‍ കത്രികകളുപയോഗിച്ച് എച്ച്.ഐ.വി വൈറസ് ഡി.എന്‍.എയെ മനുഷ്യശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്ന ദിനം പ്രതീക്ഷിക്കുകയും ചെയ്യുന്നു ഇവര്‍.

പരീക്ഷണം നടത്തിയ രണ്ട് ചെറിയ ജീവികളുടെ എല്ലാ കോശങ്ങളില്‍നിന്നും വൈറസ് ബാധിച്ച ഡി.എന്‍.എ നീക്കം ചെയ്യുന്നതില്‍ വിജയിച്ചതായി പരീക്ഷണത്തിലേര്‍പ്പെട്ട ലുവിസ് കാട്‌സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസര്‍ കാമെല്‍ കലീലി പറയുന്നു.

നിലവിലുപയോഗിക്കുന്ന എച്ച്.ഐ.വി മരുന്നുകള്‍ എച്ച്.ഐ.വി വൈറസിനെ അടക്കിനിര്‍ത്തി രോഗ വ്യാപനം തടഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂട്ടാനാണ് ഉപയോഗിക്കുന്നത്. ചികിത്സ നിര്‍ത്തിയാല്‍ വീണ്ടും എയ്ഡ്‌സ് ബാധിതനാകുമെന്നതാണ് പോരായ്മ. എന്നാല്‍ അസുഖം ബാധിച്ച കോശങ്ങളിലെ എച്ച്.ഐ.വി ഡി.എന്‍.എയെ ഇല്ലാതാക്കുകയെന്നതാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം.

ജീന്‍ മുറിച്ചെടുക്കുന്നതിലൂടെ അസുഖത്തെപ്പറ്റി കൂടുതല്‍ അറിയാനാകുമെന്നും ചെറിയ ജീവികളിലെ എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി ഡി.എന്‍.എ ജീന്‍ മുറിച്ചുമാറ്റുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചെന്നും ഇത് മനുഷ്യരില്‍ പരീക്ഷിച്ചു നോക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു

We use cookies to give you the best possible experience. Learn more