സഹായങ്ങള്‍ എത്തിക്കാനാകുന്നില്ല; ഈ ശൈത്യകാലത്ത് ഗസയില്‍ മൂന്നരലക്ഷം ജനങ്ങള്‍ പട്ടിണിയിലാകുമെന്ന് റിപ്പോര്‍ട്ട്
World News
സഹായങ്ങള്‍ എത്തിക്കാനാകുന്നില്ല; ഈ ശൈത്യകാലത്ത് ഗസയില്‍ മൂന്നരലക്ഷം ജനങ്ങള്‍ പട്ടിണിയിലാകുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2024, 7:42 pm

ഗസ: ഇസ്രഈല്‍ ഉപരോധം കാരണം ഗസയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ മൂന്നര ലക്ഷത്തോളം ജനങ്ങള്‍ ഈ ശൈത്യകാലത്ത് പട്ടിണിയിലാകുമെന്ന് റിപ്പോര്‍ട്ട്. വിവിധ യു.എന്‍. ഏജന്‍സികളുടെയും എന്‍.ജി.ഒകളുടെയും കണക്കുകള്‍ അനുസരിച്ച് നിലവില്‍ 133,000 ആളുകള്‍ ഇപ്പോള്‍ തന്നെ ഗസയില്‍ പട്ടിണിയിലാണ്. സഹായമെത്തിക്കാന്‍ ഇനിയും വൈകിയാല്‍ പട്ടിണി കിടക്കേണ്ടി വരുന്ന ജനങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നാണ് യു.എന്‍. ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ വേനലില്‍ ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിയിരുന്നെങ്കിലും മാര്‍ച്ചിന് ശേഷം ഗസയിലേക്ക് എത്തുന്ന സഹായങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബറില്‍ ഏറ്റവും കുറവ് മാനുഷിക, വാണിജ്യ സഹായങ്ങളാണ് ഗസയിലേക്ക് എത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താല്‍ 2024 നവംബറിനും 2025 ഏപ്രിലിനും ഇടയില്‍ പ്രദേശത്ത് അപകടരമാം വിധം ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടി വരുമെന്ന് യു.എന്‍. ആശങ്കപ്പെടുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 16 ശതമാനത്തോളം ജനങ്ങളേയോ അല്ലെങ്കില്‍ 345000 ജനങ്ങളെയോ നേരിട്ടോ ബാധിക്കുമെന്നും യു.എന്‍. ആശങ്ക പ്രകടിപ്പിക്കുന്നു.

ഈ ആശങ്ക മുന്നില്‍ കണ്ട് 30 ദിവസത്തിനുള്ളില്‍ ഗസയിലേക്കുള്ള സഹായങ്ങളുടെ വിതരണം സുഗമമാക്കിയില്ലെങ്കില്‍ ഇസ്രഈലിന് നല്‍കി വരുന്ന ആയുധ, സൈനിക സഹായം തടഞ്ഞുവെക്കുമെന്ന് യു.എസ്. മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പിനെ ഇസ്രഈല്‍ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് സമീപ ദിവസങ്ങളിലും തുടരുന്ന ഉപരോധം വ്യക്തമാക്കുന്നത്.

ഫലസ്തീന്‍ അഭായാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍. ഏജന്‍സിയുടെ മേധാവി ഫിലിപ് ലസാരിനിയും പട്ടിണിയെ സംബന്ധിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷം തുടരുന്ന കാലത്തോളം പട്ടിണിയും നിലനില്‍ക്കുമെന്നും സംഘര്‍ഷം കാരണം ജനങ്ങള്‍ ഒരു സ്ഥലത്തേക്ക് മാത്രമായി ചുരുങ്ങുന്നത് സാന്ദ്രത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത് സഹായ വിതരണങ്ങളുടെ ലഭ്യതയെ ബാധിക്കുകയും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറയുന്നു.

ഇസ്രഈല്‍ ആക്രമണങ്ങള്‍ രൂക്ഷമായി തുടരുന്നതും പാലായനം ചെയ്യാനുള്ള ഭീഷണിയും നിലവിലുള്ള അന്തരീക്ഷത്തെ കൂടുതല്‍ അപകടകരമാക്കുന്നു എന്നും യു.എന്‍. ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2024 നവംബറിനും 2025 ഏപ്രിലിനും ഇടയില്‍ ആറ് മാസത്തിനും 4 വയസിനും ഇടയിലുള്ള 60000 കുട്ടികളില്‍ പോഷകാഹാരക്കുറവുണ്ടാകുമെന്നും യു.എന്‍. ഏജന്‍സികള്‍ ആശങ്കപ്പെടുന്നു.

ഗുരുതരമായ ഈ സാഹചര്യം തടയണമെങ്കില്‍ തങ്ങള്‍ ഇപ്പോഴെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതുണ്ടെന്ന് യു.എന്‍. ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബെത്ത് ബെക്‌സോള്‍ പറഞ്ഞു. പട്ടിണിയെ തടയാന്‍ ഗസയില്‍ വരാനിരിക്കുന്ന ശൈത്യകാലത്ത് കൃഷി ആരംഭിക്കുകയും അതിനായി അവശ്യ വസ്തുക്കളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വിതരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: Aids cannot be delivered; It is reported that 3.5 million people in Gaza will starve this winter