ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളിലും ഭിന്നത. എ.ഐ.ഡി.എം.കെയുമായുള്ള സഖ്യം തുടരുന്നതിനെതിരെയുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ തീരുമാനത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എഡി.എം.കെയുമായി സഖ്യം ചേരേണ്ടതില്ലെന്ന അണ്ണാമലൈയുടെ തീരുമാനത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഭിന്നതകളുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതേസമയം പാര്‍ട്ടിയിലെ പുതിയ തലമുറകള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ച് രംഗത്ത് വന്നു.
‘അണ്ണാമലൈയുടെ തീരുമാനങ്ങള്‍ ഉറച്ച ബോധ്യത്തില്‍ നിന്നുള്ളതാണ്. ഈ തീരുമാനം പാര്‍ട്ടി കേഡര്‍മാരും ജനങ്ങളും സ്വീകരിക്കണം. ബി.ജെ.പി കേഡര്‍മാരുടെ ആഗ്രഹങ്ങള്‍ പ്രതിധ്വനിപ്പിക്കുന്ന അണ്ണാമലൈയുടെ തീരുമാനത്തിന് നന്ദി പറയുന്നു,’ ബി.ജെ.പിയുടെ സ്‌പോര്‍ട്‌സ് ആന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് സെല്‍ പ്രസിഡന്റ് അമര്‍ പ്രസാദ് റെഡ്ഡി ട്വീറ്റ് ചെയ്തു.
അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രത്യേക സഖ്യത്തിനും അണ്ണാമലൈ ആലോചിക്കുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ രാജിഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ്‌നാട്ടില്‍ ബി.ജെ.പി വളരണമെങ്കില്‍ സ്വതന്ത്രമായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തീരുമാനം വ്യത്യസ്തമാണെങ്കില്‍ താന്‍ അധ്യക്ഷ പദവി രാജി വെച്ച് സാധാരണ പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം യോഗത്തില്‍ പറഞ്ഞത്.
എന്നാല്‍ യോഗത്തില്‍ നടന്ന അഭിപ്രായ വ്യത്യാസങ്ങളില്‍ ബി.ജെ.പി പ്രതികരിച്ചില്ല.
അടച്ചിട്ട മുറിയില്‍ നടത്തിയ സംഭവങ്ങളില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി പറഞ്ഞു. അണ്ണാമലൈ നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെതാണെന്നും ബി.ജെ.പി നിയസഭാ കക്ഷിനേതാവ് നൈനാര്‍ നാഗേന്ദ്രനും കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ബി.ജെ.പി വിടുന്ന നേതാക്കളെ എ.ഐ.ഡി.എം.കെ സ്വീകരിച്ചതിലാണ് ഇരു പാര്‍ട്ടി നേതാക്കളും തമ്മില്‍ വാക്‌പോര് നടക്കുന്നത്. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹികളടക്കം 13 പേരാണ് കഴിഞ്ഞ ആഴ്ച എ.ഐ.ഡി.എം.കെയില്‍ ചേര്‍ന്നത്.
content highlight: AIDMK-BJP split; BJP at war with itself; New generation in support of Annamalai