| Thursday, 4th January 2024, 5:59 pm

ഇന്ത്യക്കെതിരെ പിടിച്ച് നിന്നവന് തകര്‍പ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 36.5 ഓവറില്‍ 176 റണ്‍സിനാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്‌സില്‍ നിലം പതിച്ചത്. ഇതോടെ 78 റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങയ സൗത്ത് ആഫ്രിക്കക്കെതിരെ ജസ്പ്രിത് ബുംറയും ആഞ്ഞടിച്ചു. 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്.
ഇന്ത്യയുടെ ബൗളിങ് അക്രമണത്തെ പ്രതിരോധിക്കാന്‍ ഓപ്പണര്‍ ഏയ്ഡണ്‍ മാര്‍ക്രമിന് മാത്രമാണ് കഴിഞ്ഞത്. 103 പന്തില്‍ നിന്ന് 17 ബൗണ്ടറിയും രണ്ട് സിക്‌സറുകളുമടക്കം 106 റണ്‍സാണ് താരം നേടിയത്. ഇതോടെ കേപ് ടൗണില്‍ മാര്‍ക്രം ഇന്ത്യക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഏഴാമത് സെഞ്ച്വറിയാണ് ഇന്ത്യക്കെതിരെ നേടാന്‍ സാധിച്ചത്. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റില്‍ കേപ് ടൗണില്‍ ഫിഫ്റ്റി നേടുന്ന ആദ്യ താരം കൂടിയാവുകയാണ് മാര്‍ക്രം.

68ാം പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ച് ബാറ്റിങ് തുടര്‍ന്ന മാര്‍ക്രം 99ാം പന്തിലാണ് സെഞ്ച്വറി സ്വന്തമാക്കിയത്. ടെസ്റ്റില്‍ നിന്ന് വിടവാങ്ങാനൊരുങ്ങുന്ന ഡീന്‍ എല്‍ഗര്‍ 28 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമാണ് നേടിയത്. പ്രോട്ടിയാസിന്റെ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ബുംറക്ക് പുറമെ മുഹമ്മദ് സിറാജിനും പ്രസീദ് കൃഷ്ണക്കും ഓരോ വിക്കറ്റ് നേടാന്‍ സാധിച്ചപ്പോള്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകളും നേടി. ആദ്യ ടെസ്റ്റില്‍ മുകേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നു.

ആദ്യ ഇന്നിങ്‌സ് മുതല്‍ പേസ് അക്രമണം ന്യൂലാന്‍ഡ്‌സില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സില്‍ തന്നെ 55 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ വെറും ഒമ്പത് ഓവറില്‍ മൂന്ന് മെയ്ഡണ്‍ അടക്കം 15 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 153 റണ്‍സിന് നിലം പതിക്കുകയും ഉണ്ടായിരുന്നു. 153 എന്ന സ്‌കോറില്‍ ആറ് വിക്കറ്റുകള്‍ വരെ നഷ്ടപ്പെടുത്തിയ അവസ്ഥയും ഇന്ത്യ നേരിടേണ്ടി വന്നിരുന്നു.

Content Highlight: Aiden Markram scored a great feat against India

We use cookies to give you the best possible experience. Learn more