ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ എയ്ഡന്‍ മര്‍ക്രം ഔദ്യോഗികമായി പുറത്ത്. കൊവിഡ് വില്ലനായതോടെയാണ് മര്‍ക്രമിന് ശേഷിക്കുന്ന മത്സരങ്ങളും നഷ്ടപ്പെടുന്നത്.
ദല്‍ഹിയിലെ ആദ്യ മത്സരത്തിന് മുമ്പായി താരം കൊവിഡ് പോസിറ്റീവായതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ താരത്തിന് കഴിയാതെ വന്നതോടെയാണ് താരം പരമ്പരയില്‍ നിന്നും പുറത്തായത്.
”പ്രോട്ടീസ് ബാറ്റര്‍, എയ്ഡന്‍ മര്‍ക്രം, ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് പുറത്തായി. കഴിഞ്ഞയാഴ്ച കൊവിഡ് പോസിറ്റീവായതോടെ ഏഴ് ദിവസം അദ്ദേഹം ക്വാറന്റൈനില്‍ ചെലവഴിച്ചു.
കൂടാതെ ടി-20 പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കൃത്യസമയത്ത് പ്ലേ പ്രോഗ്രാമിലേക്ക് അദ്ദേഹത്തിന് മടങ്ങി വരാന്‍ സാധിക്കില്ല, ‘ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പ്രസ്താവനയില്‍ പറഞ്ഞു.
താരത്തിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നും തന്നെയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് മര്‍ക്രം പുറത്തെടുത്തത്. 2.60 കോടിക്ക് സണ്‍റൈസേഴ്‌സാണ് താരത്തെ ടീമിലെത്തിച്ചത്.
2022 സീസണില്‍ 14 മത്സരത്തില്‍ നിന്നും 12 ഇന്നിങ്‌സുകളിലായി 381 റണ്‍സാണ് മര്‍ക്രം സ്വന്തമാക്കിയത്. മൂന്ന് അര്‍ധസെഞ്ച്വറിയായിരുന്നു താരത്തിന്റെ സമ്പാദ്യം.
47.63 ആവറേജിലും 139.05 സ്‌ട്രൈക്ക് റേറ്റിലുമാണ് മര്‍ക്രം റണ്ണടിച്ചുകൂട്ടിയത്.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് പുറകിലാണ്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതിന് ശേഷമാണ് മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ബൗളര്‍മാരുടെ കരുത്തിലായിരുന്നു ഇന്ത്യ പ്രോട്ടീസിനെ തകര്‍ത്തത്. ഇന്ത്യയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍ നാലും യൂസ്വേന്ദ്ര ചഹല്‍ മൂന്നും വിക്കറ്റ് സ്വന്തമാക്കി.
വെള്ളിയാഴ്ചയാണ് പരമ്പരയിലെ നാലം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Content highlight: Aiden Markram ruled out from the remaining matches in India – South Africa Series