ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ 36 റണ്‍സിനാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
എന്നാല്‍ മത്സരത്തിനിടെ ഒരു വിചിത്ര സംഭവമുണ്ടായി. ഹൈദരാബാദിന്റെ സ്പിന്നര്‍ എയ്ഡന്‍ മാര്‍ക്രം ബൗള്‍ ചെയ്യുന്നതിനിടെ പന്ത് കൈയ്യില്‍ നിന്ന് വഴുതി ഫൈന്‍ ലെഗിലെ യാഡ് സര്‍ക്കിളിനടുത്തുള്ള ഫീല്‍ഡറിനടുത്ത് എത്തിയിരുന്നു. 13ാം ഓവറില്‍ ഹെറ്റമെയറിനെതിരെ എറിഞ്ഞ പന്തിലായിരുന്നു സംഭവം. അപ്പോള്‍ കമന്റേറ്റര്‍മാരില്‍ ഒരാളായ കെവിന്‍ പീറ്റേഴ്‌സണ്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശം പന്താണെന്ന് താരം വിശേഷിപ്പിക്കുകയും ചെയ്തു.
കളിയില്‍ ധ്രുവ് ജുറേല്‍ നേടിയ അര്‍ധ സെഞ്ച്വറിയും മികവ് മാത്രമായിരുന്നു രാജസ്ഥാന് തുണയായി ഉണ്ടായത്. 35 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 56 റണ്‍സാണ് താരം അടിച്ചത്. ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതും ടീമിന്റെ തോല്‍വിയെ ബാധിച്ചു.
11 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. ടീമിന്റെ നിര്‍ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗിന് 10 പന്തില്‍ വെറും ആറ് റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.
ഇനി നടക്കാനിരിക്കുന്നത് ഐ.പി.എല്‍ ഫൈനല്‍ മത്സരമാണ്. മെയ് 26ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ആരാണ് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നതെന്ന് കാണേണം.
Content Highlight: Aiden Markram Bad Bowling Against RR