| Thursday, 18th May 2023, 7:52 pm

അതായത് ആര്‍.സി.ബിയുടെ അതേ അവസ്ഥയാണ് നിങ്ങള്‍ക്കും എന്നാണോ? ആദ്യ പന്തെറിയും മുമ്പേ നിരാശ വ്യക്തമാക്കി സണ്‍റൈസേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 65ാം മത്സരത്തിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം സ്‌റ്റേഡിയമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളമൊരുങ്ങുന്നത്. പ്ലേ ഓഫ് സ്‌പോട്ട് ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഹോം ടീമിന്റെ എതിരാൡള്‍.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞുവീഴ്ച അനുകൂലമാണെന്നും ചെയ്‌സ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ടോസിന് പിന്നാലെ ഫാഫ് പറഞ്ഞു.

‘മഞ്ഞുവീഴ്ച മത്സരത്തിലെ പ്രധാന ഘടകമായേക്കാം. ചെയ്‌സ് ചെയ്യാന്‍ ഒരു സ്‌കോര്‍ മുമ്പിലുണ്ടായിരിക്കുന്നത് നന്നായിരിക്കും,’ ഫാഫ് പറഞ്ഞു.

ഒരുപക്ഷേ ടോസ് ഭാഗ്യം തുണയ്ക്കുകയായിരുന്നുവെങ്കില്‍ തങ്ങള്‍ ബാറ്റിങ്ങായിരിക്കും തെരഞ്ഞെടുക്കുക എന്നാണ് ഓറഞ്ച് ആര്‍മി നായകന്‍ ഏയ്ഡന്‍ മര്‍ക്രം പറഞ്ഞത്. തങ്ങളുടെ ബൗളിങ് യൂണിറ്റ് ശക്തമല്ലാത്തതിനാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്നതാവും മികച്ച ഓപ്ഷനെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

‘ബൗളിങ് ഞങ്ങളുടെ സ്‌ട്രോങ് പോയിന്റ് അല്ലാത്തതിനാല്‍ ഞങ്ങള്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു. ഹാരി ബ്രൂക്ക് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കാര്‍ത്തിക് ത്യാഗിയും നിതീഷും കളിക്കുന്നുണ്ട്,’ മര്‍ക്രം പറഞ്ഞു.

സീസണില്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരമാണ് ഇത്. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സണ്‍റൈസേഴ്‌സ് തങ്ങളുടെ സ്വന്തം മണ്ണില്‍ വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് ഇറങ്ങുന്നത്.

എന്നാല്‍ ബെംഗളൂരുവിന്റെ സ്ഥിതി അതല്ല. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കുതിക്കാനും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും ആര്‍.സി.ബിക്കാവും.

സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്റ്റാര്‍ട്ടിങ് ഇലവന്‍:

അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് ദാഗര്‍, നിതീഷ് കുമാര്‍ റെഡ്ഡി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്റ്റാര്‍ട്ടിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്സ്‌വെല്‍, മൈക്കല്‍ ബ്രേസ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, കരണ്‍ ശര്‍മ, വെയ്ന്‍ പാര്‍നെല്‍, മുഹമ്മദ് സിറാജ്.

Content Highlight: Aiden Markram about SRH;s bowling unit

We use cookies to give you the best possible experience. Learn more