എന്തുകൊണ്ട് തോറ്റു; പരമ്പര നാണംകെട്ട് തോറ്റതില്‍ പ്രതികരണവുമായി സൗത്ത് ആഫ്രിക്കന്‍ നായകന്‍
Sports News
എന്തുകൊണ്ട് തോറ്റു; പരമ്പര നാണംകെട്ട് തോറ്റതില്‍ പ്രതികരണവുമായി സൗത്ത് ആഫ്രിക്കന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 12:28 pm

സൗത്ത് ആഫ്രിക്കയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ആതിഥേയര്‍ പ്രോട്ടിയാസിനെ ഞെട്ടിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് മര്‍ക്രമിന്റെ പോരാളികള്‍ കീഴടങ്ങിയത്.

ബുധനാഴ്ച നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്. ഡക്‌വര്‍ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം പുതുക്കിയ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മര്‍ക്രം. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നു എന്നും ഒരു ടീം എന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് വളരെ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു. മഴ കാരണം മത്സരം നിര്‍ത്തിവെക്കേണ്ടി വരികയും വീണ്ടും തുടങ്ങേണ്ടി വരികയുമെല്ലാം ചെയ്തു, ഇത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. മത്സരത്തിലുടനീളം സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരുന്നു.

എനിക്ക് തോന്നുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ പ്ലെയിങ് കണ്ടീഷനായിരുന്നു ഇതെന്നാണ്. ഒരു ടീം എന്ന നിലയില്‍ മെച്ചപ്പെടാനുള്ള സ്ഥലങ്ങളുണ്ട്. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ആ മെച്ചപ്പെടുത്തല്‍ സഹായിച്ചേക്കും,’ മര്‍ക്രം പറഞ്ഞു.

മഴ മൂലം ടോസ് വൈകിയ മത്സരത്തില്‍ ഭാഗ്യം തുണച്ച വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. സൗത്ത് ആഫ്രിക്ക പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതിനിടെ വീണ്ടും മഴയെത്തിയതോടെ മത്സരം ഒരു മണിക്കൂറിലധികം നിര്‍ത്തി വെക്കേണ്ടി വന്നു.

മൊമെന്റം നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്കക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ഒടുവില്‍ 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108ന് സന്ദര്‍ശകര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 15 പന്തില്‍ 40 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് പ്രോട്ടിയാസ് നിരയിലെ ടോപ് സ്‌കോറര്‍.

മഴ നിയമപ്രകാരം 13 ഓവറില്‍ 116 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ വിന്‍ഡീസ് ഷായ് ഹോപ്, നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ മികച്ച പ്രകടനത്തില്‍ വിജയം സ്വന്തമാക്കി.

ഹോപ് 24 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് ഹെറ്റി നേടിയത്.

വെറും 13 പന്തില്‍ 35 റണ്‍സാണ് പൂരന്‍ അടിച്ചുകൂട്ടിയത്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 269.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വെടിക്കെട്ട്.

ഇതോടെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് മറുപടി നല്‍കാനും വിന്‍ഡീസനായി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0നാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്.

 

Content Highlight: Aiden Markram about lost against West Indies