അധ്യാപനജോലിയെ കൃത്യം സമയപരിധിയും മാസാമാസം ശമ്പളവും ലഭിക്കുന്ന സുരക്ഷിത ജോലികളുടെ പട്ടികയിലാണ് പൊതുവെ ഉള്‍പ്പെടുത്താറ്. എന്നാല്‍ വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ കാര്യം ഇടക്ക് വല്ലപ്പോഴുമൊക്കെ ഉയര്‍ന്നുവരാറുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കേരളം മുഴുവന്‍ പ്രശസ്തയായ സായ് ശ്വേത ടീച്ചര്‍ പോലും ഈ ശമ്പളമില്ലാ അധ്യാപകരുടെ കൂട്ടത്തിലുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സിലബസിലുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. ഓരോ ക്ലാസിലെയും കൂടിവരുന്ന ഡിവിഷനനുസരിച്ച് ഉണ്ടായിവന്ന അധിക തസ്തികകളില്‍ ജോലിക്ക് കയറിയവരാണ് ഇപ്പോള്‍ നിയമനാംഗീകരം ലഭിക്കാതെ ജോലി ചെയ്യുന്ന ഈ അധ്യാപകര്‍.
‘ഗള്‍ഫില്‍ അധ്യാപികയായി ജോലി ചെയ്തുവരുന്നതിനിടക്കാണ് ഇവിടുത്തെ സ്‌കൂളില്‍ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞ് നാട്ടിലെത്തുന്നത്. 2018ല്‍ ജോലിക്ക് കയറിയതാണ്. അന്ന് ഡിവിഷന്‍ അധ്യാപികയായാണ് കയറുന്നത്. ഓരോ തവണയും നിയമനത്തിനുള്ള അപേക്ഷ തള്ളിക്കളയുകയാണ്. സര്‍ക്കാര്‍ – മാനേജ്‌മെന്റ് 1:1 എന്ന രീതിയിയിലേ നിയമനം നടത്താനാകൂ എന്നാണ് ഇതിന് കാരണം പറയുന്നത്. രണ്ട് വര്‍ഷമായി ശമ്പളം കിട്ടിയിട്ടില്ല. പലപ്പോഴും ക്ലാസിലെ കുട്ടികള്‍ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴോ ഫീസ് അടക്കാന്‍ ഇല്ലാത്തപ്പോഴോ സ്വന്തം കയ്യില്‍ നിന്നും എടുത്തു കൊടുക്കേണ്ടി വരാറുണ്ട്. ഇപ്പോള്‍ റിട്ടയര്‍മെന്റ് പോസ്റ്റില്‍ കയറാനുള്ള അവസരമുണ്ട്. പക്ഷെ സ്‌കൂള്‍ തുറക്കാത്തത് കൊണ്ട് നിയമനങ്ങള്‍ വൈകുകയാണ്.’ പാലക്കാട് കുലിക്കിലയാട് എസ്.വി.എ.യു.പി സ്‌കൂളിലെ അധ്യാപികയായ റെജീല ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇത് ഒന്നോ രണ്ടോ അധ്യാപകരുടെ മാത്രം അനുഭവമല്ല, സംസ്ഥാനത്തിലെ വിവിധ സ്‌കൂളുകളിലായി 3000ത്തോളം അധ്യാപകരാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
‘കൊവിഡ്കാലത്ത് ആനക്കുള്ള പട്ട വരെ ഒരുക്കിക്കൊടുക്കാന്‍ നിന്ന സര്‍ക്കാര്‍ ഞങ്ങള്‍ ഈ ശമ്പളം ഇല്ലാത്ത അധ്യാപകരുടെ കാര്യം മാത്രം പൂര്‍ണ്ണമായി അവഗണിക്കുകയാണ്. ശമ്പളം ഇല്ലെങ്കിലും ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കും മറ്റു കാര്യങ്ങള്‍ക്കുമെല്ലാം ഞങ്ങളെ വിളിക്കുന്നുമുണ്ട്.’ ചെറൂക്കര എ.എല്‍.പി. സ്‌കൂള്‍ അധ്യാപകനായ മുഹമ്മദ് ലബീബ് പറയുന്നു.
ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ ഇതിന് പിന്നിലെ ജോലികളെല്ലാം ചെയ്യുന്നത് ചെറുപ്പക്കാരായ അധ്യാപകരാണെന്നും ഇവരില്‍ മിക്കവരും ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരുടെ കൂട്ടത്തിലുള്ളതാണെന്നും മുഹമ്മദ് ലബീബ് ചൂണ്ടിക്കാണിക്കുന്നു.
2016 ജനുവരി 29ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന സമയത്ത് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വര്‍ധിക്കുമ്പോഴുണ്ടാകുന്ന അധിക തസ്തികകളായ ഡിവിഷന്‍ പോസ്റ്റുകളില്‍ 1:1 പ്രകാരമായിരിക്കണം നിയമനം എന്ന് കൊണ്ടുവന്നു. അതായത് രണ്ട് ഒഴിവുകള്‍ വരുന്ന സമയത്ത് അതിലേക്കുള്ള ആദ്യ അധ്യാപകനെ സര്‍ക്കാരിനും അടുത്ത അധ്യാപകനെ മാനേജ്‌മെന്റിനും നിയമിക്കാം.
കേരള വിദ്യാഭ്യാസ ചട്ടത്തില്‍ മാറ്റം വരുത്താതെ കൊണ്ടുവന്ന ഈ ഉത്തരവ് മാനേജ്‌മെന്റുകള്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2016 ഡിസംബര്‍ 3നാണ് മുന്‍കാല പ്രാബല്യത്തോടെ കെ.ഇ.ആര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുന്നത്.
എയ്ഡഡ് സ്‌കൂളുകളിലെ സര്‍ക്കാര്‍ നിയമനം ടീച്ചേഴ്‌സ് ബാങ്കില്‍ നിന്നായിരിക്കും. കുട്ടികള്‍ കുറഞ്ഞത് കാരണം ജോലി നഷ്ടപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ സംവിധാനമാണ് ടീച്ചേഴ്‌സ് ബാങ്ക്. ഈ ടീച്ചേഴ്‌സ് ബാങ്കില്‍ 3000ത്തോളം അധ്യാപകരാണ് ഉള്ളത്.
ഈ 1:1 രീതിയോടും മാനേജ്‌മെന്റുകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരും എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളും തമ്മില്‍ അന്നു മുതല്‍ തുടങ്ങിയ നിയമയുദ്ധം ഇപ്പോഴും സുപ്രീം കോടതിയില്‍ തുടരുകയാണ്.
സ്‌കൂളിന് ചേരുന്ന അധ്യാപകരെ ലഭിക്കില്ലെന്നും ഓരോ വര്‍ഷവും പുതിയ അധ്യാപകരെ നിയമിക്കേണ്ടി വരുമെന്നതുമാണ് ഈ നിയമനം അംഗീകരിക്കാത്തതിന് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം. 1:1 പ്രകാരം സര്‍ക്കാര്‍ നിയമനം നടത്തിയാല്‍ മാത്രമേ മാനേജ്‌മെന്റ് നിയമനം പൂര്‍ത്തിയാകുകയുള്ളു എന്നതിനാല്‍ ഇപ്പോള്‍ മാനേജ്‌മെന്റ് ഒഴിവില്‍ കയറിയ അധ്യാപകരുടെ നിയമനവും മുടങ്ങി കിടക്കുകയാണെന്ന് മുഹമ്മദ് ലബീബ് ചൂണ്ടിക്കാണിക്കുന്നു.
2018ല്‍ തന്നെ ടീച്ചേഴ്‌സ് ബാങ്കിലെ അധ്യാപകര്‍ക്ക് വിവിധ സ്‌കൂളുകളിലായി വിന്യസിച്ചിട്ടുണ്ട്. 1:1 അംഗീകരിച്ച സ്‌കൂളുകളിലെ പോലും ഒഴിവുകളിലേക്ക് തക്കതായ യോഗ്യതയുള്ള അധ്യാപകരെ ഈ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്നും കണ്ടെത്താനാകുന്നില്ല എന്നും അതിനാല്‍ പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിവിധ ഘട്ടങ്ങളിലായി ഈ വിഷയത്തില്‍ പ്രതികരണവും പരിഹാരവുമായി മാനേജ്‌മെന്റുകളും സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.
മാനേജ്‌മെന്റുകള്‍ സ്‌കൂളിലെ ഒരു ഒഴിവ് സര്‍ക്കാര്‍ നിയമനത്തിനായി വിട്ടുനല്‍കാന്‍ തയ്യാറാണ്. അതിന് സര്‍ക്കാര്‍ സമ്മതിച്ചാല്‍ 7000ത്തോളം തസ്തികകളിലാണ് ഒഴിവ് വരികയെന്നാണ് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്ള 3000ത്തോളം അധ്യാപകരുടെ നിയമനത്തിന് ശേഷവും 4000ത്തോളം ഒഴിവുകള്‍ അപ്പോഴും ബാക്കിയുണ്ടാകുമെന്നാണ് വിവിധ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തെ ഏഴായിരത്തോളം സ്‌കൂളുകളില്‍ പ്രധാനാധ്യാപക തസ്തിക ഒഴികെയുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ തന്നെ ഇപ്പോള്‍ നിയമന അംഗീകാരം ലഭിക്കാത്ത എല്ലാ അധ്യാപകര്‍ക്കും നിയമനം നല്‍കാനുകുമെന്ന് മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മാനേജ്‌മെന്റുകള്‍ ഈ വാദം മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് കൂടി പരിശോധിക്കേണ്ടതുണ്ട്. ലക്ഷകണക്കിന് രൂപ സംഭാവന വാങ്ങിയാണ് കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ നടക്കുന്നത്. നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ചാണ് അധ്യാപകരെ ഇത്തരത്തില്‍ നിയമിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ചട്ടവിരുദ്ധമായി നടക്കുന്ന ഈ നിയമനങ്ങള്‍ക്ക് തടയിടാനും അധ്യാപകരെ സംരക്ഷിക്കാനുമാണ് ടീച്ചേഴ്‌സ് ബാങ്കും 1:1 രീതിയും നിലവില്‍ വരുത്തിയതെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും ഇടയില്‍ പലപ്പോഴും അധ്യാപകര്‍ അകപ്പെട്ടുപോകുകയാണെന്നുള്ള നിരീക്ഷണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ശമ്പളം കിട്ടാത്ത അധ്യാപകരുടെ കൂട്ടത്തില്‍ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ളവരുണ്ടെങ്കിലും ചിലരെല്ലാം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. വിഷയത്തില്‍ സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്ന് സുതാര്യവും പക്വവുമായ ഇടപെടലുണ്ടാകണമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.