എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട: ഹൈക്കോടതി
Kerala News
എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 7:38 pm

കൊച്ചി: എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 1951ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.

പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ക്ക് മത്സരിക്കാനുള്ള ഇളവ് കോടതി നീക്കിയത്. നിലവില്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇളവുകളുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ടതിനു ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോടതി ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും. എയ്ഡഡ് അധ്യാപകര്‍ക്ക് ഉണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഹൈക്കോടതി വിധി.

ജോലി രാജിവെച്ചതിനു ശേഷമേ ഇനി എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഉത്തരവ് ബാധകമാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Aided School Teachers Election Kerala Election 2021 High Court of Kerala