ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് നല്‍കിയ ഹരജി സുപ്രീം കേടതി തള്ളി. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തില്‍ സമ്പൂര്‍ണ അധികാരത്തിനായി എന്‍.എസ്.എസ് നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹരജി. ഇതില്‍ സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കുന്ന നിയമ ഭേദഗതിക്കെതിരെയായിരുന്നു എന്‍.എസ്.എസ് ഹരജി നല്‍കിയത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
2017ല്‍ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്താണ് എന്‍.എസ്.എസ് സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളെയും, അണ്‍ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നായിരുന്നു എന്‍.എസ്.എസ് വാദം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും, സചിവോത്തപുരം എന്‍.എസ്.എസ് ഹോമിയോ കോളേജിന്റെ ചെയര്‍മാനുമായ ജി. സുകുമാരന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് എന്‍.എസ്.എസ് സുപ്രീം കോടതിയെ സമീപിച്ചത്. ഭേദഗതിപ്രകാരം പതിനഞ്ച് ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഫീസ് നിര്‍ണയ സമിതിയുടെ അനുമതി ആവശ്യമാണ്.
പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാന്‍ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. എന്നാല്‍ എയ്ഡഡ് കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ തങ്ങള്‍ക്ക് സമ്പൂര്‍ണ അധികാരം ഉണ്ടെന്നായിരുന്നു എന്‍.എസ്.എസിന്റെ വാദം.
എയ്ഡഡ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് ടി.എം.എ. പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും എന്‍.എസ്.എസിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ എന്‍.എസ്.എസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്ന എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിക്രമങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി വിധി.
Content Highlight: Aided medical college management quota; Supreme Court Rejects NSS plea