| Monday, 10th February 2020, 6:28 pm

'നിയന്ത്രണം പാടില്ല'; എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമ നടപടിക്കൊരുങ്ങി മാനേജ്‌മെന്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ നിയമ നടപടിക്കൊരുങ്ങുന്നു. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഒഴികെയുള്ളവരാണ് നീക്കം നടത്തുന്നത്. വിഷയത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ചൊവ്വാഴ്ച്ച യോഗം ചേരും.

അനധികൃത നിയമനങ്ങള്‍ വരുത്തിവെക്കുന്ന വന്‍സാമ്പത്തിക ബാധ്യതയും പരാതികളും പരിഗണിച്ചാണ് സര്‍ക്കാര്‍ എയിഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന തീരുമാനം ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 13255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് എയിഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കപ്പെട്ടത്. ഇവയില്‍ പലതും അനാവശ്യ തസ്തികകളാണെന്നും പരാതിയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എയിഡഡ് അധ്യാപക തസ്തികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന തീരുമാനം ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ തീരുമാനത്തില്‍ നേരത്തെ തന്നെ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ വിയോജിപ്പറിയിച്ചിരുന്നു. എന്നാല്‍ തോന്നുംപടി അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് സ്വീകരിച്ചത്.

അനാവശ്യ അധ്യാപക നിയമനങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ല. തസ്തികകള്‍ നിര്‍മ്മിച്ചതില്‍ അപകാതകള്‍ ഇല്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്നാണ്. അപ്പര്‍ പ്രൈമറിയില്‍ ഇത് 35 കുട്ടികള്‍ ഒരു അധ്യാപകന്‍ എന്നാണ്. അനുപാതത്തേക്കാള്‍ ഒരു കുട്ടി കൂടിയാല്‍ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാമെന്നാണ് മാനേജ്‌മെന്റുകള്‍ വ്യാഖ്യാനിച്ചത്. ഈ പതിവ് അവസാനിപ്പിക്കുമെന്നാണ് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more