| Friday, 30th August 2024, 10:44 am

കോഴ നല്‍കാന്‍ പണമില്ല സാറേ, എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക; പ്രക്ഷോഭത്തിനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍. എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മറ്റു ശുപാര്‍ശകളെല്ലാം നടപ്പിലാക്കണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ വരുമ്പോള്‍ എയ്ഡഡ് നിയമനങ്ങളെ സംബന്ധിച്ച ശുപാര്‍ശയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ക്യാംപയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാരംഭഘട്ടമെന്നോണം ആയിരത്തിലധികം പേരുള്ള നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഗ്രൂപ്പിലും തൊഴില്‍ രഹിതരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ചേര്‍ന്നിട്ടുള്ളത്.

മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെയും വാര്‍ത്താ ചാനലുകളുടെ യുട്യൂബ് കമന്റ് ബോക്‌സുകളിലും ഉദ്യോഗാര്‍ത്ഥികള്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തുന്നു. ‘കോഴ നല്‍കാന്‍ പണമില്ല, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക’ എന്നതാണ് പ്രതിഷേധ കമന്റുകളുടെ പൊതു സ്വഭാവം.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ കഴിഞ്ഞ ദിവസങ്ങളിലുള്ള എല്ലാ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകള്‍ കാണം. 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി. തുടങ്ങി എല്ലാ വാര്‍ത്താചാനലുകളുടെയും യുട്യൂബ് ലൈവ് സട്രീമിങ്ങിന് താഴെയും ഇത്തരത്തിലുള്ള കമന്റുകളുണ്ട്.

പ്രോക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്നോണമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണമെന്നും അടുത്ത ഘട്ടത്തില്‍ മറ്റു പ്രോക്ഷഭ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. നിലവില്‍ നിശബ്ദമായി തുടരുന്ന ഈ മൂവ്‌മെന്റിനെ മുഖവിലക്കെടുക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോ യുവജനസംഘടനകളോ തയ്യാറായിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിക്കാന്‍ യുവജനസംഘടകള്‍ക്കോ, സാര്‍ക്കാറിനോ, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാധിക്കില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നായിരുന്നു എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകയോ അല്ലെങ്കില്‍ റിക്രൂട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയോ ചെയ്യുക എന്നത്. റിപ്പോര്‍ട്ടിലെ പാഠപുസ്തക നവീകരണം, കലോത്സവം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലെല്ലാം സര്‍ക്കാറോ വിദ്യാഭ്യാസ മന്ത്രിയോ നിലപാട് വ്യക്തമാക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടുണ്ട്.

എന്നാല്‍ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട നിര്‍ദേശത്തെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല, ഇതു സംബന്ധിച്ച ചോദ്യത്തിന് എല്ലാ നിര്‍ദേശവും നടപ്പിലാക്കാനാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. നിലവില്‍ പി.എസ്.സി വഴിയുള്ള അധ്യാപക നിയമനങ്ങളും കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറിന്റെ പക്കല്‍ പദ്ധതി വിഹിതം കുറവുള്ള സമയത്ത് നടപ്പിലാക്കിയ എയ്ഡഡ് സ്‌കൂള്‍ സംവിധാനം ഇക്കാലത്തും തുടരേണ്ടതുണ്ടോ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്. ബജറ്റ് പദ്ധതി വിഹിതം ഒരു ലക്ഷം കോടിയിലധികം ഉള്ള ഇക്കാലത്ത് സ്‌കൂളുകളും ബാച്ചുകളും യഥേഷ്ടം തുടങ്ങാന്‍ സര്‍ക്കാറിന് സാധിക്കും.

എന്നാല്‍ ഇപ്പോഴും പുതിയ എയ്ഡഡ് സ്‌കൂളുകളും ബാച്ചുകളും ജാതി-മത സംഘടനകള്‍ക്ക് വീതംവെച്ച് നല്‍കുന്ന സര്‍ക്കാര്‍ നപടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇത്തരത്തില്‍ കോഴ നല്‍കി നിയമിതരാകുന്ന അധ്യാപകരുടെ നിലവാരത്തെ കുറിച്ചും ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കപ്പെടുന്നുണ്ട്.

എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡൂള്‍ന്യൂസ് നടത്തിയ ക്യാംപയിന്‍

content highlights: aided appointments to PSC; Candidates ready for agitation

Latest Stories

We use cookies to give you the best possible experience. Learn more